തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടിലേക്ക് ബാർജ് ഇടിച്ചുകയറി. കൂറ്റൻ ബാർജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു.
ബാർജിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി.
മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മുതലപ്പൊഴിയില്‍ 2011 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളില്‍ 66 പേർ മരിച്ചതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ നേരത്തെ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. അപകടങ്ങള്‍ തുടർച്ചയാകുന്ന സാഹചര്യത്തില്‍ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകള്‍ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങള്‍ നിർദ്ദേശിക്കാൻ പൂനെ സെൻട്രല്‍ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷന് നിർദ്ദേശം നല്‍കിയിട്ടുണ്ട്.