കോട്ടയം: പ്രളയത്തെത്തുടർന്ന് പരിസ്ഥിതി നാശം സംഭവിച്ച മൂവാറ്റുപുഴയാറിന്റെ സംരക്ഷണത്തിനായി സമഗ്രപഠനം നടത്തി ശാശ്വത നടപടികൾക്ക് നിർദ്ദേശങ്ങൾ വയ്ക്കുമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പ്രളയത്തെത്തുടർന്ന് പരിസ്ഥിതി നാശം സംഭവിച്ച മൂവാറ്റുപുഴയാറിന്റെ വൈക്കം നിയോജകമണ്ഡലത്തിലെ തീരപ്രദേശങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സമിതി ചെയർമാൻ ഇ.കെ. വിജയന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ നടന്ന തെളിവെടുപ്പ് യോഗത്തിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുജനങ്ങളിൽനിന്നും പരാതികൾ സ്വീകരിച്ച സമിതി ജില്ലാതല ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഭാവികേരളത്തെ ആരോഗ്യകേരളമാക്കാനും പരിസ്ഥിതി ആഘാതങ്ങൾ ഒഴിവാക്കാനും സമ്പൽസമൃദ്ധമായ തോടുകളേയും പുഴകളേയും സംരക്ഷിക്കേണ്ടതുണ്ടെന്നും ഇതിനനുസരിച്ച് നാളത്തെ തലമുറയെ വാർത്തെടുക്കണമെന്നും സമിതി ചെയർമാൻ പറഞ്ഞു. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജലാശയങ്ങളുടേയും നീർച്ചാലുകളുടേയും അതിരുകൾ രേഖപ്പെടുത്തുന്ന ഡിജിറ്റൽ സർവേ നടത്താനും പുഴകളെ സംരക്ഷിക്കാനും പൊതുപ്രവർത്തകരുടേയും ജനങ്ങളുടേയും സർക്കാർ ഉദ്യോഗസ്ഥരുടേയും പൂർണമായ പങ്കാളിത്തം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രളയം, കൈയേറ്റം, മാലിന്യംതള്ളൽ എന്നിവയിൽ നിന്ന് മൂവാറ്റുപുഴയാറിനെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സമിതിയംഗമായ കെ.ഡി. പ്രസേനൻ എം.എൽ.എ. പറഞ്ഞു. നദിയുടെ അതിർത്തി നിർണയമടക്കമുള്ള നടപടികൾക്കാണ് ശ്രമമെന്ന് സമിതിയംഗമായ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു. 2018 ലെ പ്രളയത്തെത്തുടർന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റിക്കുമുമ്പാകെ സി.കെ. ആശ എം.എൽ.എ. നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സമിതിയുടെ ഇടപെടൽ.
പ്രളയാനന്തരം മണൽതിട്ടകൾ രൂപപ്പെടൽ, പുഴ ഗതിമാറി ഒഴുകൽ, നദീതീരങ്ങളുടെ തിട്ട ഇടിയൽ, തുരുത്തുകൾ അപ്രത്യക്ഷമാകൽ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. വിവിധ വകുപ്പുകൾ മൂവാറ്റുപുഴയാറിന്റെ സംരക്ഷണത്തിനായി നടത്തുന്ന പദ്ധതികൾ ഉദ്യോഗസ്ഥർ വിവരിച്ചു.
മൂവാറ്റുപുഴയാറിന്റെ പുനരുജ്ജീവനത്തിന് എക്കലും ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിന് 71.38 ലക്ഷത്തിന്റെ 11 പദ്ധതികൾ തയാറാക്കി സമർപ്പിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സമിതിയെ അറിയിച്ചു. തലയോലപ്പറമ്പ്, മറവൻതുരുത്ത്, ഉദയനാപുരം, ടി.വി.പുരം, തലയാഴം പഞ്ചായത്തുകളും വൈക്കം നഗരസഭയും ഇതിൽ ഉൾപ്പെടും. ഇതു കൂടാതെ മൂവാറ്റുപുഴയുമായി ബന്ധപ്പെട്ട് മേജർ, മൈനർ ഇറിഗേഷൻ വകുപ്പ് 9.74 കോടിയുടെ 28 പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ടുകൾ സമർപ്പിച്ചതായും കളക്ടർ പറഞ്ഞു.
സി.കെ. ആശ എം.എൽ.എ., ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ, സബ് കളക്ടർ രാജീവ്കുമാർ ചൗധരി, പരിസ്ഥിതി സമിതി സെക്ഷൻ ഓഫീസർ ശ്രീകുമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ എന്നിവർ സിറ്റിംഗിൽ പങ്കെടുത്തു.
തുടർന്ന് സമിതി വെള്ളൂർ പഞ്ചായത്തിലെ മൂവാറ്റുപുഴയാറിന്റെ മേവെള്ളൂർ കുറ്റാക്കുഴി, തോന്നല്ലൂർ ചെറുകര ഭാഗങ്ങൾ സന്ദർശിച്ച് പരിസ്ഥിതി നാശം വിലയിരുത്തി. സി.കെ. ആശ എം.എൽ.എ., ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു, വൈസ് പ്രസിഡന്റ് ജയ അനി, വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷിനി സജു, പ്രതിപക്ഷ നേതാവ് കുര്യാക്കോസ് തോട്ടത്തിൽ പഞ്ചായത്ത്, സെക്രട്ടറി ദേവി പാർവ്വതി എന്നിവരും ഒപ്പമുണ്ടായിരുന്നു.