തിരുവനന്തപുരം: കാന്തപുരത്തിന്‍റെ പേര് പറയാതെ വിമർശനം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊതു ഇടത്തില്‍ സ്ത്രീക്കും പുരുഷനും തുല്യത വേണം. അത് സമ്മതിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടത് എന്ന് താൻ പറയുന്നില്ല. ഇത് പറയുമ്പോള്‍ ചിലർ പ്രകോപിതരാകുന്നു. ആരെയും ഉദ്ദേശിച്ചല്ല പറയുന്നത്. ഏതെങ്കിലും ഒരു വ്യക്തിയെയോ സമുദായത്തെയോ ഉദ്ദേശിച്ചല്ല സമൂഹത്തെ ഉദ്ദേശിച്ചാണിത് പറയുന്നതെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.
എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും കൂടി വോട്ട് നേടിയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ ജയിച്ചതെന്ന ആരോപണവും എം വി ഗോവിന്ദൻ ആവർത്തിച്ചു.
അന്യപുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്ന് സമസ്ത കാന്തപുരം വിഭാഗം പറഞ്ഞതോടെയാണ് വിവാദത്തിന്‍റെ തുടക്കം. പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നും എം വി ഗോവിന്ദൻ മറുപടി പറഞ്ഞു. പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം വി ഗോവിന്ദൻ ഓർമ്മിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ കണ്ണൂർ ജില്ലയില്‍ ഒരു വനിതാ ഏരിയാ സെക്രട്ടറിയുണ്ടോ എന്ന ചോദ്യവുമായി കാന്തപുരം രംഗത്തെത്തി. ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതില്‍ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷൻമാരാണെന്നും കാന്തപുരം വിമർശിച്ചു. എന്തേ അവിടെ സ്ത്രീകളെ പരിഗണിച്ചില്ലെന്നും കാന്തപുരം ചോദിച്ചു.