ആലപ്പുഴ : യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിനാല്‍ കോണ്‍ഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യവും ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദൻ ആലപ്പുഴയില്‍ പറഞ്ഞു. കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ. അന്ന് ആ കൊടുങ്കാറ്റിലും എല്‍ ഡി എഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലം ഇത്തവണയും അത് ആവർത്തിക്കും.
കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മുഖ്യശത്രു ഇടതുപക്ഷമാണ്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണ ഉണ്ടാകുന്നത് പല ഘട്ടത്തിലും കാണാറുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. ആലപ്പുഴയില്‍ കെസി വേണുഗോപാലിനെ ഇറക്കി മണ്ഡലം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കഴിഞ്ഞ തവണ കേരളത്തില്‍ സിപിഎമ്മിനൊപ്പം നിന്ന ഒരേയൊരു മണ്ഡലമാണ് ആലപ്പുഴ. ഇത്തവണയും എഎം ആരിഫിനെയാണ് സിപിഎം സ്ഥാനാർത്ഥിയാക്കിയത്.