തിരുവനന്തപുരം: അമിത വേഗത്തില്‍ വാഹനത്തില്‍ പോകുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പിനൊപ്പം കൈകോര്‍ത്ത് ‘മിന്നല്‍ മുരളി’. മിന്നല്‍ പോലെ റോഡിലൂടെ ചീറിപ്പാഞ്ഞ് പോകുന്നവര്‍ക്ക് താക്കീതുമായാണ് മോട്ടോര്‍ വാഹനവകുപ്പിനൊപ്പം മിന്നല്‍ മുരളിയും എത്തിയിരിക്കുന്നത്, വാര്‍ണിങ് പരസ്യത്തിലൂടെ. റോഡ് യാത്രക്കാര്‍ക്ക് അവബോധം നല്‍കുന്ന വീഡിയോ ടൊവിനോ ഫേസ്ബുക്കില്‍ പങ്കുവെച്ചു. സ്പീഡില്‍ പോകുന്ന വാഹനങ്ങളെയും ആളുകളെയും പിടിക്കാന്‍ എംവിഡിയുടെ പുതിയ പദ്ധതിയുടെ പരസ്യമാണ് വൈറലാകുന്നത്.
അമിത വേഗതയില്‍ എത്തുന്ന യാത്രക്കാരെ തടഞ്ഞുനിര്‍ത്തി എം വിഡി ഉദ്യോഗസ്ഥര്‍ ലൈവായി മിന്നല്‍ മുരളിയുടെ ഉപദേശം കേള്‍പ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഇവിടെ ഒരു മിന്നല്‍ മുരളി മതിയെന്നും, മേലാല്‍ ആവര്‍ത്തിക്കരുതെന്നും, തന്റെ കഞ്ഞിയില്‍ പാറ്റ ഇടരുതെന്നുമാണ് എം വിഡി കാണിച്ചു കൊടുക്കുന്ന ടാബില്‍ മിന്നല്‍ മുരളി ലൈവായി അമിത വേഗതയില്‍ എത്തിയവരോട് പറയുന്നത്. മിന്നല്‍ മുരളിയുടെ കോസ്റ്റ്യൂം അണിഞ്ഞ് ടൊവിനോ തന്നെയാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ പോകുന്നവരെ കണ്ടെത്താനുള്ള ഒരു ഉപകരണവും ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ഉപകരം ഉപയോഗിച്ച് നിയമം ലംഘിക്കുന്നവരെ പിടിക്കൂടുകയും ശിക്ഷിക്കുകയും ചെയ്യും. അത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് റിയല്‍ ഹീറോസ് ഗോ സ്ലോ എന്ന ഒരു ടീഷര്‍ട്ടു നല്‍കും.സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഈ പരസ്യ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ മിന്നല്‍ മുരളിയുടെ കേരള പൊലീസ് വേര്‍ഷന്‍ ഇറങ്ങിയിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി ലോകമെമ്പാടും ശ്രദ്ധനേടുകയാണ്. നിരവധി ദേശീയ- അന്തര്‍ദേശീയ സെലിബ്രിറ്റികള്‍ മിന്നല്‍ മുരളി വീഡിയോസ് പങ്ക് വയ്ക്കുന്നുണ്ട്.