തിരുവനന്തപുരം: ബിജെപി എന്നത് സംഘപരിവാർ സംഘടനയല്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് യുഡിഎഫ് എംപി എൻ കെ പ്രേമചന്ദ്രൻ. ചാനല്‍ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താൻ മനസ്സിലാക്കുന്നത് ശരിയാണെങ്കില്‍ ആർഎസ്‌എസ്, ബജ്റംഗ്ദള്‍, എബിവിപി, ബിഎംഎസ് തുടങ്ങിയവയൊക്കെയാണ് സംഘപരിവാർ സംഘടനകള്‍. നരേന്ദ്രമോദി സർക്കാറിന്റെ കെടുകാര്യസ്ഥത തുറന്നെതിർത്ത് മൂന്ന് മണിക്കൂർ പ്രമേയം അവതരിപ്പിച്ച എന്നെയാണ് സംഘിയാക്കി സിപിഎം നേതാവ് എളമരം കരീം ചിത്രീകരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച വിരുന്നില്‍ പങ്കെടുത്തതിന് പ്രേമചന്ദ്രനെതിരെ ഇടതുപക്ഷം രൂക്ഷവിമർശനമുയർത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചയിലാണ് പ്രേമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. എട്ട് എംപിമാരാണ് പ്രധാനമന്ത്രി വിളിച്ച വിരുന്നില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്ന് എൻ കെ പ്രേമചന്ദ്രനെ മാത്രമാണ് ക്ഷണിച്ചത്.
വിരുന്നില്‍ രാഷ്ട്രീയമൊന്നും സംസാരിച്ചില്ലെന്നും അനൗപചാരികം മാത്രമായിരുന്നെന്നും പ്രേമചന്ദ്രൻ വിശദീകരിക്കുകയും ചെയ്തു. രാഷ്ട്രീയ ചർച്ചയല്ല നടന്നത്. സൗഹൃദപരമായ ചർച്ചകളാണ് നടന്നത്. പ്രധാനമന്ത്രി വ്യക്തിപരമായ അനുഭവങ്ങളാണ് പങ്കുവച്ചതെന്നും എൻ.കെ, പ്രേമചന്ദ്രൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രേമചന്ദ്രനെ പിന്തുണച്ച് കോണ്‍ഗ്രസും രംഗത്തെത്തി. കെ മുരളീധരൻ, കെ സുധാകരൻ, വി ഡി സതീശൻ എന്നിവർ സതീശനെ ന്യായീകരിച്ചു. അതേസമയം, എല്‍ഡിഎഫ് നേതാക്കള്‍ രൂക്ഷവിമർശനമാണ് പ്രേമചന്ദ്രനെതിരെ ഉന്നയിച്ചത്. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്ന് എളമരം കരീം കുറ്റപ്പെടുത്തി. ഇന്ത്യാ സഖ്യത്തിലെ അംഗങ്ങള്‍ ആരും വിരുന്നില്‍പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തില്‍ പ്രേമചന്ദ്രൻ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതില്‍ ചില സംശയങ്ങളുണ്ട്. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയണം. പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും എളമരം കരീം ചോദിച്ചു.