സ്പോർട്സ് ഡെസ്ക്ക് : റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തോട് കൂടി ധ്രുവ് ജുറല്‍ എന്ന ഇന്ത്യന്‍ താരത്തിന്റെ മനസാന്നിധ്യത്തെയും സമ്മര്‍ദ്ദഘട്ടങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവിനെയും എം എസ് ധോനിയുമായാണ് പലരും താരതമ്യം ചെയ്യുന്നത്.ഇപ്പോഴിതാ വിക്കറ്റിന് പിന്നിലും ധോനിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുമായി കളം നിറഞ്ഞിരിക്കുകയാണ് യുവതാരം. ഒലി പോപ്പിനെ കുല്‍ദീപ് യാദവ് പുറത്താക്കിയ പന്തില്‍ ജുറലിന്റെ വലിയ ഇടപെടലുണ്ടായിരുന്നു.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്ങ്സിലെ ഇരുപത്തിയാറാമത് ഓവറിലായിരുന്നു സംഭവം. ആദ്യ പന്തുകള്‍ എറിഞ്ഞ കുല്‍ദീപ് യാദവിനോട് മൂന്നാം പന്തിന് മുന്‍പ് തന്നെ ഒലി പോപ്പ് ക്രീസ് വിട്ടുകൊണ്ട് ഷോട്ട് കളിക്കാന്‍ ശ്രമിക്കുമെന്ന നിര്‍ദേശം ജുറല്‍ കുല്‍ദീപിന് നല്‍കുകയായിരുന്നു. ഈ നിര്‍ദേശം അനുസരിച്ചുകൊണ്ട് കുല്‍ദീപ് പന്തെറിഞ്ഞതും പോപ്പ് പന്ത് സ്റ്റെപ് ഔട്ട് ചെയ്ത് കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വെട്ടിതിരിഞ്ഞു പന്ത് പോയതും ജുറല്‍ അനായാസമായി താരത്തെ സ്റ്റമ്പ് ചെയ്യുകയും ചെയ്തു. 24 പന്ത് നേരിട്ട് ഒലി പോപ്പ് 11 റണ്‍സ് മാത്രമാണ് മത്സരത്തില്‍ നേടിയത്.