പ്രയാഗ്‌രാജ്: ജനസംഖ്യാ വർധനവ് രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. അടിയന്തരാവസ്ഥ കാലഘട്ടം മുതല്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ ഇന്ത്യക്കാർ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്‌രാജിലെ മോത്തിലാല്‍ നെഹ്‌റു നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നാരായണ മൂർത്തി.
ജനസംഖ്യ, പ്രതിശീർഷ ഭൂമി ലഭ്യത, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥക്കാലം മുതല്‍, ജനസംഖ്യാ നിയന്ത്രണത്തില്‍ നമ്മള്‍ ഇന്ത്യക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല. ഇത് നമ്മുടെ രാജ്യത്തെ സുസ്ഥിരമാക്കാൻ സാധിക്കാത്ത തരത്തില്‍ ആശങ്കപ്പെടുത്തുന്നു. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍, യുഎസ്, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ആളോഹരി ഭൂമി ലഭ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.