ന്യൂഡല്‍ഹി: ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ സൃഷ്ടിക്കുന്നത് മികച്ച ഭരണത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ചുവടുവയ്‌പ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കിലെ പുതിയ ജില്ലകളുടെ രൂപീകരണം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എക്‌സില്‍ പങ്കുവച്ച പോസ്റ്റിന് മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ലഡാക്കിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
“ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ സൃഷ്ടിക്കുന്നത് മികച്ച ഭരണത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ചുവടുവയ്പ്പാണ്. സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചംഗ്താംഗ് എന്നീ പുതിയ ജില്ലകള്‍ക്ക് ഇനി കൂടുതല്‍ കേന്ദ്രീകൃതമായ ശ്രദ്ധ ലഭിക്കും. ഇത് ജനങ്ങളിലേക്ക് സേവനങ്ങളും അവസരങ്ങളും എത്തിക്കാൻ സഹായകമാകും,” പ്രധാനമന്ത്രി എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമാണ് വികസിത ലഡാക്ക് എന്നും ഇതിന്റെ ഭാഗമായാണ് പുതിയ ജില്ലകളുടെ രൂപീകരണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ ജില്ലകള്‍ യാഥാർത്ഥ്യമാകുന്നതോടെ ലഡാക്കിലെ ജനങ്ങളുടെ വീട്ടുവാതില്‍ക്കല്‍ ആനുകൂല്യങ്ങള്‍ എത്തുമെന്നും ലഡാക്കിന്റെ ഓരോ കോണിലും ഭരണം ശക്തിപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ജില്ലകള്‍ രൂപീകരിക്കാനുള്ള നടപടിയില്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്നും തീരുമാനം സ്വാഗതം ചെയ്യുന്നതായും മുൻ ലഡാക്ക് എംപി ജാംയാങ് സെറിങ് നംഗ്യാലും അറിയിച്ചു.