റാഞ്ചി: തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൂടുതൽ ആവേശം പകരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഖണ്ഡില്‍. ജാർഖണ്ഡിലെ ജനങ്ങൾ ബിജെപിയെ വിജയിപ്പിക്കാൻ നിശ്ചയിച്ചുകഴിഞ്ഞെന്നും മുഖ്യമന്ത്രിയുടെ നാമനിർദേശ പത്രികയില്‍ ഒപ്പിട്ടയാള്‍ പോലും ബിജെപിയില്‍ ചേർന്നെന്നും പ്രധാനമന്ത്രി, അവകാശപ്പെട്ടു. ബർഹെയ്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന സോറന്റെ പത്രികയില്‍ പേര് നിർദ്ദേശിച്ച് ഒപ്പിട്ട മണ്ഡല് മുർമു ബി ജെ പി അംഗത്വം എടുത്തത് ചൂണ്ടികാട്ടിയായിരുന്നു മോദിയുടെ പ്രചരണം.
കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെയും സാന്നിധ്യത്തില്‍ ആയിരുന്നു മുർമു ബിജെപി അംഗത്വം എടുത്തത്. നവംബർ 13, 20 തീയതികളിലായി രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ടിലേക്ക് ദേശീയ നേതാക്കള്‍ എത്തിയതോടെ പ്രചരണത്തിനും വലിയ ആവേശമാണ് കാണുന്നത്. വരും ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയും മല്ലികാർജ്ജുന ഖർഗെയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാനത്തെത്തുന്നുണ്ട്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെ എം എം), കോണ്‍ഗ്രസ്, ആർ ജെ ഡി, സി പി ഐ എം എല്‍ എന്നീ പാർട്ടികള്‍ ഇന്ത്യ സഖ്യമായാണ് സംസ്ഥാന തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം ഇന്ത്യാ മുന്നണി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന പൂർത്തിയാക്കിയിരുന്നു. ധാരണ പ്രകാരം ജെഎംഎം 43 സീറ്റുകളിലും കോണ്‍ഗ്രസ് 30 സീറ്റുകളിലും മത്സരിക്കും. ആർജെഡി ആറ് സീറ്റുകളിലും ഇടത് പാർട്ടികള്‍ നിർസ, സിന്ദ്രി, ബഗോദർ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് സീറ്റുകളിലുമാണ് മത്സരിക്കുന്നത്.