മോസ്കോ: ലോക സുരക്ഷയ്ക്ക് യുദ്ധമല്ല വേണ്ടതെന്നും ചർച്ചയും നയതന്ത്രവും ആണ് ആവശ്യമെന്നും ബ്രിക്സ് ഉച്ചകോടിയില്‍ നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും മോദി പറഞ്ഞു. എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിന്ന് ഭീകരവാദത്തെയും യുവാക്കളെ മതമൗലികവാദികളാക്കാനുള്ള നീക്കത്തെയും നേരിടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബ്രിക്സിലേക്ക് കൂടുതല്‍ രാജ്യങ്ങളെ കൊണ്ടു വരുന്നത് സമവായത്തിലൂടെയാകണമെന്നും മോദി നിർദ്ദേശിച്ചു.
അതേസമയം ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനില്‍ ഇന്നലെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഉജ്വല സ്വീകരണമാണ് നല്‍കിയത്. ശേഷം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. യുക്രൈമായുള്ള സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് മോദി പുടിനോട് ആവശ്യപ്പെട്ടത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി നടന്ന കൂടിക്കാഴ്ചക്കിടയിലെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചക്കിടയിലെ ഒരു രംഗമാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. പുടിനും മോദിയും തമ്മിലുള്ള സംഭാഷണത്തിനിടയില്‍ പുടിൻ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വർണിക്കുന്ന വീഡിയോ ആണ് ഇത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോദിയോടൊപ്പമുള്ള ചർച്ചക്ക് പരിഭാഷയുടെ ആവശ്യം വരില്ലെന്നും അത്രയേറെ ആഴത്തിലുള്ള ബന്ധമാണ് തമ്മിലുള്ളതെന്നുമാണ് പുടിൻ ചിരിച്ചുകൊണ്ട് പറഞ്ഞത്. ഇത് കേട്ട് മോദി സന്തോഷമടക്കാനാകാതെ പൊട്ടിച്ചിരിക്കുകയായിരുന്നു. ഇരുവരും പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
അതേസമയം റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൃഷ്ണഭജന്‍ പാടിയാണ് ഇന്ത്യൻ സമൂഹം സ്വീകരിച്ചത്. കസാനിലെ ഹോട്ടല്‍ കോര്‍സ്റ്റണില്‍ എത്തിയ മോദിയെ ഭജന്‍ പാടി സ്വീകരിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസികളെ അഭിവാദ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്തു.