ദില്ലി : ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സ്വപ്നം തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സ്വപ്നത്തെക്കുറിച്ചും ശ്രമങ്ങളെക്കുറിച്ചും മനസുതുറന്നത്. ഒളിംപിക്‌സില്‍ ഇന്ത്യൻ പതാക ഉയരെ പറത്തിയ യുവത ഇന്ന് നമുക്കൊപ്പമുണ്ട്. രാജ്യത്തെ 140 കോടി ജനങ്ങളുടെ പേരില്‍, അവരെ ഞാന്‍ അഭിനന്ദിക്കുന്നു.
അടുത്ത ദിവസങ്ങളില്‍ ഇന്ത്യയുടെ ഒരു വലിയ സംഘം പാരാലിംപിക്‌സില്‍ പങ്കെടുക്കാനായി പാരീസിലേക്ക് പുറപ്പെടും. നമ്മുടെ എല്ലാ പാരാലിംപ്യൻമാർക്കും വിജയാശംസകള്‍ നേരുന്നു. ജി 20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ച ഇന്ത്യ വലിയ പരിപാടികള്‍ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളും കഴിവും ഉണ്ടെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. അതുകൊണ്ട് തന്നെ 2036ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നതാണ് നമ്മുടെ ഇപ്പോഴത്തെ സ്വപ്നം, അതിനായുള്ള തയാറെടുപ്പകള്‍ നമ്മള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.