സ്പോട്സ് ഡെസ്ക്
കൊവിഡ് കാലത്തെ പ്രതിസന്ധിക്കിടെ നടന്ന 2020 ഐ പി എല്ലിലെ കണ്ടെത്തൽ ആരാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. തമിഴ്നാടിന്റെ ഇടംകയ്യൻ പേസർ ടി.നടരാജൻ. 2020ലെ ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തുകയും മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കുകയും ചെയ്ത നടരാജന് പിന്നീട് പരിക്കേല്‍ക്കുകയും ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യേണ്ടി വന്നു. പരിക്കേറ്റ് നീണ്ട ഇടവേളക്ക് ശേഷം ഇറങ്ങുന്ന നടരാജന് പഴയ മികവ് ആവര്‍ത്തിക്കാനാവില്ലെന്ന് വിധിയെഴുതിയവര്‍ ഏറെയായിരുന്നെങ്കിലും ഇവരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് നടരാജന്‍ കാഴ്ചവെക്കുന്നത്.
ഇടം കൈയന്‍ പേസറായ നടരാജന്‍ 11 വിക്കറ്റുകളാണ് അഞ്ച് മത്സരത്തില്‍ നിന്ന് വീഴ്ത്തിയത്. കെകെആറിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങിയാണ് നടരാജന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഇക്കോണമി 9.25 ആയിരുന്നെങ്കിലും ഹൈദരാബാദിന്റെ ബൗളിങ്ങില്‍ കുന്തുമുനയായത് നടരാജന്‍ തന്നെയാണ്. വെങ്കടേഷ് അയ്യര്‍, നിധീഷ് റാണ, സുനില്‍ നരെയ്ന്‍ എന്നിവരുടെ വിക്കറ്റാണ് അദ്ദേഹം നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജസ്ഥാനെതിരേ 43-2, ലഖ്‌നൗവിനെതിരേ 26-2, സിഎസ്‌കെയ്‌ക്കെതിരേ 30-2, ഗുജറാത്തിനെതിരേ 34-2 എന്നിങ്ങനെയായിരുന്നു നടരാജന്റെ പ്രകടനങ്ങള്‍. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമിലേക്ക് നടരാജന്റെ തിരിച്ചുവരവ് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇടം കൈയന്‍ പേസറാണെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്. നിലവില്‍ നടരാജനോട് സ്ഥാനത്തിന് മത്സരിക്കാനുള്ള ഖലീല്‍ അഹമ്മദ് പ്ലേയിങ് 11ല്‍ പോലും സ്ഥിരമായി ഇല്ല. ഈ അവസരത്തില്‍ നടരാജന് മുന്‍തൂക്കം ലഭിക്കുമെന്നുറപ്പ്.
2021ലെ ഓസീസ് പര്യടനത്തില്‍ മൂന്ന് ഫോര്‍മാറ്റിലും നടരാജന്‍ തിളങ്ങിയിരുന്നു. ഓസീസിലെ സാഹചര്യം തനിക്ക് വഴങ്ങുന്നതാണെന്ന് നടരാജന്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ടീമിലേക്ക് തിരിച്ചെത്തുക നടരാജനെ സംബന്ധിച്ച് വലിയ കടുപ്പമായിരിക്കില്ല. 2021ലെ ടി20 ലോകകപ്പില്‍ മികച്ചൊരു ഇടം കൈയന്‍ പേസറുടെ അഭാവം ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു. ഇത്തവണ നടരാജനെത്തിയാല്‍ ഈ വിടവ് നികത്തപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ.
കെകെആറിനെതിരായ മത്സരത്തിലൂടെ ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ 2000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിച്ചു. 67 ഇന്നിങ്‌സില്‍ നിന്നാണ് വില്യംസണിന്റെ ഈ നേട്ടം. വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന എട്ടാമത്തെ താരമാവാനും വില്യംസണിനായി. മത്സരത്തില്‍ കെകെആറിന്റെ ആന്‍ഡ്രേ റസല്‍ 49 റണ്‍സുമായി പുറത്താവാതെ നിന്നു. ഇത് മൂന്നാം തവണയാണ് 49 റണ്‍സില്‍ അദ്ദേഹം പുറത്താവാതെ നില്‍ക്കുന്നത്.