വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടമായവർക്ക് പാർപ്പിടം ഒരുക്കാൻ നാഷണല്‍ ലീഗ്. എട്ട് ഫ്ലാറ്റുകളാണ് തയ്യാറാക്കിയത്. സ്ഥിരമായ പുനരധിവാസം സാധ്യമാകുന്നത് വരെ എട്ട് കുടുംബങ്ങള്‍ക്ക് ഇവിടെ താമസിക്കാമെന്ന് നാഷണല്‍ ലീഗ് വ്യക്തമാക്കി. ആറ് മാസത്തേക്കുള്ള വാടക, വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സൌകര്യങ്ങളും ഒരുക്കുമെന്ന് നാഷണല്‍ ലീഗ് ഭാരവാഹികള്‍ പറഞ്ഞു. പരിസരത്ത് മറ്റൊരു ഫ്ലാറ്റ് കൂടി കണ്ടെത്തിയിട്ടുണ്ടെന്നും മറ്റൊരു ആറ് കുടുംബങ്ങള്‍ക്ക് കൂടി സൌകര്യമൊരുക്കുമെന്നും അവർ പറഞ്ഞു.
വയനാട്ടില്‍ താല്‍ക്കാലിക പുനരധിവാസം ഈ മാസം തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും പറഞ്ഞു. സൗകര്യങ്ങള്‍ ഉറപ്പാക്കിയ ശേഷം ക്വാര്‍ട്ടേഴ്സുകളിലേക്ക് മാറ്റും. പൂർണ പുനരധിവാസം വരെ ദുരിത ബാധിതർക്ക് എല്ലാ നിലയിലും സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രിമാർ അറിയിച്ചു. വയനാട്ടില്‍ ടൗണ്‍ഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകള്‍ നടക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും. സ്കൂള്‍, ആശുപത്രി, കൃഷി, റോഡ്, വാഹന സൗകര്യം, ഉപജീവനമാർഗം, സ്കില്‍ ഡെവലപ്മെന്റ് സെന്റർ തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. മാനസികമായ പിന്തുണയ്ക്ക് വേണ്ടി സ്ഥിരമായി കൗണ്‍സലിംഗ് സംവിധാനം കൂടി ഏർപ്പെടുത്തും. നിർമാണഘട്ടത്തില്‍ ദുരന്തബാധിതർക്ക് തൊഴില്‍ സാധ്യതയുണ്ടാവുമോ എന്ന് പരിശോധിക്കും. ഒറ്റപ്പെട്ടുപോയ ഒരുപാട് പേരുണ്ട്. അവരെ വീട്ടില്‍ ഒറ്റയ്ക്ക് താമസിപ്പിക്കാനാവില്ല. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നു പോവുന്ന അവർക്ക് ലോക്കല്‍ ഗാർഡിയനായി സർക്കാർ ഉദ്യോഗസ്ഥനുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.