സ്വന്തം ലേഖകൻ
കൊച്ചി: നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ പ്രതികളെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുത്തു. കുറുപ്പംപടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷൂ എറിഞ്ഞ കേസിലെ പ്രതികളായ ബേസില്‍ വര്‍ഗീസ്, ദേവകുമാര്‍, ജയ്ദീന് ജോണ്സണ് എന്നിവര്‍ നല്കിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെങ്കിലും പൊലീസുകാരുടെ പേരുകള്‍ എഫ്ഐആറില്‍ പറയുന്നില്ല. പോലീസ് ഉദ്യോഗസ്ഥര്‍ എന്ന് മാത്രമാണ് എഫ്ഐആറില്‍ ഉള്ളത്.
ഡിസംബര്‍ 10ന് പെരുമ്പാവൂരില്വച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരേ കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങളെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി ഇവര്‍ മൊഴി നല്കി.
ഇതിന് പിന്നാലെ പോലീസുകാര്‍ക്കെതിരെ പരാതി നല്കാന് കോടതി ഇവര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പ്രതികളെ മര്‍ദിക്കാന്‍ പോലീസിന് ആരാണ് അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചിരുന്നു. ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതിനെതിരെയും കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ വധശ്രമം എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ആരാഞ്ഞു.