കണ്ണൂർ: കണ്ണൂർ എഡിഎം കെ. നവീൻ ബാബു ജീവനൊടുക്കിയത് ഏറെ നാളായി ആഗ്രഹിച്ച് ചോദിച്ചുവാങ്ങിയ സ്ഥലംമാറ്റത്തില്‍ നാട്ടിലേയ്ക്ക് പോകാനിരിക്കെ. ഏഴുമാസം മാത്രമായിരുന്നു വിരമിക്കാനുണ്ടായിരുന്നത്. സർവീസിന്റെ അവസാന നാളുകള്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാൻ ആഗ്രഹിച്ച നവീൻ നാട്ടിലേയ്ക്ക് ട്രെയിൻ കയറാനിരിക്കെയാണ് തൊട്ടുതലേന്ന് ആത്മഹത്യ ചെയ്തത്.
സിപിഎം അനുഭാവികളാണ് നവീന്റെ കുടുംബം. വളരെ മാന്യമായി ജോലി ചെയ്തിരുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് നവീൻ ബാബുവെന്ന് സുഹൃത്ത് മലയാലപ്പുഴ ശശി പറഞ്ഞു. പത്തനംതിട്ടയില്‍ ഏറെക്കാലം ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇതുവരെയും അദ്ദേഹത്തിനെതിരെ ഒരു പരാതികളും കേട്ടിട്ടില്ല. ആക്ഷേപങ്ങള്‍ക്ക് ഇടകൊടുക്കാതെ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ജോലിയുടെ ഭാഗമായി ഏറെനാളായി നാട്ടില്‍ നിന്ന് മാറി താമസിക്കുകയായിരുന്നു അദ്ദേഹം. മൂന്നുമാസം മുൻപാണ് കണ്ണൂരിലേയ്ക്ക് സ്ഥലംമാറ്റം ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനുമുൻപ് കാസർകോടായിരുന്നു അദ്ദേഹം പ്രവർത്തിച്ചത്. കാസർകോട്ടുകാർക്ക് വളരെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. കാസർകോട്ടുനിന്ന് പോരുന്നതില്‍ അദ്ദേഹത്തിന് ദുഃഖമുണ്ടായിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അദ്ദേഹം സംസാരിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരിക്കില്ലെന്ന് തോന്നിയതിനാല്‍ വിളിച്ചില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതി ഉന്നയിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ അതിന് തിരഞ്ഞെടുത്ത വേദി ശരിയായില്ലെന്നും ശശി പറഞ്ഞു.
നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് നിഗമനം. കണ്ണൂരില്‍ നിന്ന് സ്ഥലം മാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയില്‍ അടുത്ത ദിവസം ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂർ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചെങ്ങളായില്‍ പെട്രോള്‍ പമ്പിന് നിരാക്ഷേപ പത്രം നല്‍കുന്നത് മാസങ്ങള്‍ വൈകിച്ചുവെന്നും അവസാനം എങ്ങനെ കൊടുത്തുവെന്ന് അറിയാമെന്നുമാണ് ദിവ്യ പറഞ്ഞത്.
രണ്ടു ദിവസത്തിനകം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പറഞ്ഞു. ഉപഹാരം നല്‍കുന്ന സമയത്ത് തന്റെ സാന്നിധ്യം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു എന്നു പറഞ്ഞായിരുന്നു ദിവ്യ വേദി വിട്ടത്. ഇതിനുശേഷം ഔദ്യോഗിക വാഹനത്തില്‍ താമസസ്ഥലത്തേക്ക് തിരിച്ച എഡിഎം വഴിയില്‍ വണ്ടി നിർത്താൻ ആവശ്യപെട്ട് ഇറങ്ങിയതായി ഡ്രൈവർ പറയുന്നു. ഇന്ന് പുലർച്ചെ പത്തനംതിട്ടയില്‍ എത്തേണ്ട നവീൻ ബാബുവിനെ കാത്ത് ബന്ധുക്കള്‍ ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ട്രെയിൻ എത്തിയിട്ടും നവീൻ ബാബു ഇറങ്ങാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.