ചണ്ഡിഗഢ്: ഹരിയാനയില്‍ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 17 ന് നടക്കും. നയാബ് സിംഗ് സെയ്‌നി തന്നെയാകും മുഖ്യമന്ത്രി. കേന്ദ്രമന്ത്രിയും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ മനോഹർ ലാല്‍ ഖട്ടാർ ആണ് ഇക്കാര്യം അറിയിച്ചത്. 17 ന് പഞ്ച്കുളയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും മറ്റ് വിശിഷ്ടാതിഥികളും സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയില്‍ നിന്നുളള അനുമതിക്കായിട്ടാണ് കാത്തിരുന്നതെന്നും അത് ലഭിച്ചതായും മനോഹർ ലാല്‍ ഖട്ടാർ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുളള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കാൻ പഞ്ച്കുള ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദസറ ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ നടക്കുക. മുഖ്യമന്ത്രി ഉള്‍പ്പെടെ 14 പേരാണ് ഹരിയാന മന്ത്രിസഭയുടെ പരമാവധി അംഗസംഖ്യ. മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും ഖട്ടാർ കൂട്ടിച്ചേർത്തു. ഹരിയാനയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സർക്കാർ മൂന്നാംവട്ടവും തുടർഭരണം നേടുന്നത്. 48 സീറ്റുകള്‍ നേടിയാണ് ബിജെപി ചരിത്രം കുറിച്ചത്. കോണ്‍ഗ്രസ് 37 സീറ്റുകളില്‍ ഒതുങ്ങി. ഇന്ത്യൻ നാഷണല്‍ ലോക്ദളിനും രണ്ട് സീറ്റുകളുണ്ട്. 90 അംഗ നിയമസഭയാണ് ഹരിയാനയിലേത്.