ചെന്നൈ: തെന്നിന്ത്യൻ സൂപ്പർസ്റ്റാറായി തിളങ്ങി നിന്ന നയൻതാര ഷാരൂഖ് ഖാനൊപ്പം അറ്റ്ലിയുടെ സംവിധാനത്തിൽ ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചത് ഈ അടുത്ത കാലത്താണ് . നടി എന്ന നിലയില്‍ നയൻസിനെ തേടി ധാരാളം ബഹുമതികൾ വന്നിട്ടുണ്ടെങ്കിലും അഭിനയത്തിന് പുറമേ ഉള്ള പുതിയ ഒരു ബഹുമതി താരത്തിനെ തേടിയെത്തിയിരിക്കുകയാണ്.
2021-ൽ ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം റൗഡി പിക്ചേഴ്സ് എന്ന നിര്‍മ്മാണ കമ്പനി നയന്‍താര ആരംഭിച്ചിരുന്നു. ഈ വർഷം അതില്‍ നിന്നും വ്യത്യസ്തമായി വൈവിദ്ധ്യമായ ഉത്പന്നങ്ങളുമായി ഒരു വലിയ ബ്രാന്റ് തന്നെ അവതരിപ്പിച്ചിട്ടുണ്ട് നയന്‍താര. ചർമ്മസംരക്ഷണ ബ്രാൻഡ് 9 സ്കിൻ, സാനിറ്ററി നാപ്കിൻ ബ്രാൻഡ് ഫെമി 9, സൂപ്പർഫുഡ് ബ്രാൻഡായ ദി ഡിവൈൻ ഫുഡ് എന്നിവയാണ് നയന്‍സ് ആരംഭിച്ച പുതിയ സംരംഭങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനാല്‍ തന്നെ ബിസിനസ് ടുഡേയുടെ ഡിസംബർ ലക്കത്തില്‍ സോയ അക്തർ, സംഗീത റെഡ്ഡി, മാധബി പുരി ബുച്ച് എന്നിവരോടൊപ്പം നയൻതാരയും ഇടം പിടിച്ചിട്ടുണ്ട്. ബിസിനസ് രംഗത്തെ ഏറ്റവും ശക്തരായ വനിതകള്‍ എന്ന ടൈറ്റിലാണ് ഇതിലൂടെ നയന്‍സിനെ തേടി എത്തിയത്.
തന്റെ ഈ വിജയത്തിൽ തന്റെ ഭർത്താവിന് നിർണായക പങ്കുണ്ടെന്ന് സ്മരിച്ച് നയന്‍താര തന്നെ ഈ കവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. തന്റെ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിച്ചതിന് വിഘ്നേഷ് ശിവന് നന്ദിയെന്ന് പോസ്റ്റില്‍ നയന്‍താര പറയുന്നു.
അതേ സമയം നയൻതാര നായികയായി എത്തിയ പുതിയ ചിത്രമാണ് അന്നപൂരണി. ഷെഫായിട്ടാണ് നയൻതാര അന്നപൂരണിയില്‍ വേഷമിടുന്നത്. നയൻതാരയുടെ അന്നപൂരണി മികച്ച ഒരു സിനിമയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നയൻതാരയുടെ മികച്ച ഒരു കഥാപാത്രമാണ് ചിത്രത്തിലേത് എന്ന് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.
നയന്‍ താരയ്ക്ക് പുറമേ ജയ്, സത്യരാജ്, അച്യുത് കുമാർ, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, സുരേഷ് ചക്രവര്‍ത്തി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഫാമിലി കോമഡി ഡ്രാമയാണ് ചിത്രം എന്നാണ് സൂചന. രാജാ റാണിക്ക് ശേഷം ജയ്യും നയൻതാരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.