കാക്കനാട്: വസ്ത്രത്തില്‍ കുത്താനായി കടിച്ചുപിടിച്ച മൊട്ടുസൂചി അബദ്ധത്തില്‍ വിഴുങ്ങി പത്താം ക്ലാസുകാരി. കാക്കനാട് അത്താണി തുരുത്തേപറമ്പില്‍ വീട്ടില്‍, ഡ്രൈവറായ ഷിഹാബിന്റെ മകള്‍ ഷബ്ന (15) യാണ് മൊട്ടുസൂചി വിഴുങ്ങിയത്. 6 സെന്റിമീറ്റര്‍ നീളവും വലിയ മൊട്ടുള്ളതുമായിരുന്നു സൂചി. ഞായറാഴ്ച രാത്രി എട്ടരയോടെ ഷിഹാബും കുടുംബവും ഒരു ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. ഷബ്ന തലയില്‍ ധരിച്ചിരുന്ന മഫ്ത അഴിഞ്ഞു പോയപ്പോള്‍ അത് കുത്താന്‍ വേണ്ടി കടിച്ചുപിടിച്ച സൂചി വിഴുങ്ങിപ്പോവുകയായിരുന്നു.
ഉടന്‍തന്നെ വീട്ടുകാര്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലും മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളിലും എത്തിച്ചെങ്കിലും മൊട്ടുസൂചി പുറത്തെടുക്കാനായില്ല. ഒടുവില്‍ അര്‍ധരാത്രിയോടെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയിലേക്കു മാറ്റി. അവിടെ എക്സ്റേയില്‍ ആമാശയത്തില്‍ ഭക്ഷണത്തിന്റെ ഇടയില്‍ കുടുങ്ങിയ നിലയില്‍ മൊട്ടുസൂചി കണ്ടെത്തി. തിങ്കളാഴ്ച രാവിലെയോടെയാണ് എന്‍ഡോസ്കോപ്പി വഴി മൊട്ടുസൂചി പുറത്തെടുത്തത്. ഒരു മണിക്കൂര്‍ എടുത്തു എന്‍ഡോസ്കോപ്പി ശസ്ത്രക്രിയയ്ക്ക്. ആരോഗ്യനില വീണ്ടെടുത്ത പെണ്‍കുട്ടി വൈകാതെ ആശുപത്രി വിട്ടു.