ദില്ലി : നീറ്റ് യുജി കൗണ്‍സിലിംഗിനായി കേന്ദ്രം നടപടി തുടങ്ങി. മെഡിക്കല്‍ സീറ്റുകള്‍ പോർട്ടലില്‍ രേഖപ്പെടുത്താൻ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം നല്‍കി. നാളെ സുപ്രീംകോടതി കേസ് കേള്‍ക്കാനിരിക്കെയാണ് നിർദ്ദേശം. പരീക്ഷ റദ്ദാക്കരുതെന്ന് കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നീറ്റ് കൌണ്‍സിലിംഗ് ജൂലായ് മൂന്നാം വാരം തുടങ്ങുമെന്നായിരുന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയത്. ഇതിനായുള്ള പ്രാരംഭം നടപടികള്‍ക്കാണ് മെഡിക്കല്‍ കൌണ്‍സിംഗ് കമ്മറ്റി തുടക്കമിട്ടത്. യുജി കൌണ്‍സിലിംഗില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്നാണ് കമ്മറ്റി വിശദാംശങ്ങള്‍ തേടിയത്. കമ്മറ്റി നല്‍കിയ നോട്ടീസ് അനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച്ച വരെ സീറ്റ് വിവരങ്ങള്‍ സൈറ്റില്‍ നല്‍കാം.
ഇത്തവണ നാലാം റൌണ്ട് വരെ അലോട്ട്മെന്റ് നടത്തി പ്രവേശന നടപടികള്‍ പൂർത്തിയാക്കാനാണ് കേന്ദ്ര നീക്കം. നാളെയാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്നതടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹർജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ഹർജിയില്‍ എൻ ടി എയും കേന്ദ്രവും നല്‍കിയ സത്യവാങ്മൂലം കക്ഷികള്‍ക്ക് നല്‍കാൻ കോടതി നിർദ്ദേശിച്ചിരുന്നു. പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തില്‍ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും പ്രാദേശികമായി മാത്രമാണ് പ്രശ്നങ്ങള്‍ എന്നാണ് കേന്ദ്രവാദം. എൻ ടി എയുടെ ട്രങ്ക് പെട്ടിയില്‍ നിന്നും ചോദ്യപേപ്പർ മോഷ്ടിച്ച സംഭവത്തില്‍ രണ്ട് പേരെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബീഹാറിലെ കുറിച്ച് വിദ്യാർത്ഥികളില്‍ ഒതുങ്ങുന്നതല്ല ചോർച്ച എന്ന് ഹർജിക്കാർക്ക് തെളിയിക്കാനായാലേ കോടതി പുനപരിശോധനയ്ക്ക് ഉത്തരവിടൂ.