പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് പൂർത്തിയായി. എലവഞ്ചേരി അഗ്രോ എക്യുപ്സ് എന്ന സ്ഥാപനത്തിലെത്തിച്ചാണ് പ്രതി ചെന്താമരയുമായി തെളിവെടുപ്പ് നടത്തിയത്. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വാങ്ങിയത് ഇവിടെ നിന്നാണെന്ന് പ്രതി മൊഴി നല്‍കിയിരുന്നു.
എന്നാല്‍, ചെന്താമരയ്ക്ക് കത്തി വിറ്റിട്ടിട്ടില്ല എന്നായിരുന്നു സ്ഥാപന ഉടമയുടെ പ്രതികരണം. കത്തി വാങ്ങിയതിന് തെളിവുകള്‍ ഉണ്ടെന്ന് ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ പ്രതികരിച്ചു. ചെന്താമര കാട് വെട്ടാനായി എലവഞ്ചേരിയിലെ മറ്റൊരു കടയില്‍ നിന്നും കത്തി വാങ്ങിയിരുന്നു. ഇവിടെയും തെളിവെടുപ്പ് നടത്തി. എലവഞ്ചേരിയിലെ കടയുടമ ചെന്താമരയെ തിരിച്ചറിഞ്ഞു. മകളെ ഒരുപാട് ഇഷ്ടമാണെന്നും ചെന്താമര പൊലീസിന് മൊഴി നല്കി. തന്റെ വീട് മകള്‍ക്ക് നല്‍കണമെന്നും ചെന്താമര പറഞ്ഞു. ഏറെ ഇഷ്ടമുള്ള മകള്‍ക്ക് തന്റെ വീട് മകള്‍ക്ക് നല്കാൻ നടപടി വേണമെന്നും ചെന്താമര പൊലീസിനോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെയും മറ്റൊരാളെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി ചെന്താമര പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അയല്‍വാസിയായ പുഷ്പയാണ് തന്റെ കുടുംബം തകരാൻ പ്രധാന കാരണമെന്നും പുഷ്പ രക്ഷപ്പെട്ടെന്നും ചെന്താമര വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തന്റെ മകള്‍ക്ക് വീട് നല്‍കാനുള്ള ആഗ്രഹം ഇന്ന് പൊലീസിനോട് ചെന്താമര വെളിപ്പെടുത്തിയത്.
ഇന്നലെ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടന്നതെങ്കില്‍, ഇന്ന് മുപ്പതോളം പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ഇന്നലെ തെളിവെടുപ്പുമായി നാട്ടുകാര്‍ പൂര്‍ണമായും സഹകരിച്ചിരുന്നു. ഇന്നും നാട്ടുകാര്‍ തെളിവെടുപ്പുമായി സഹകരിച്ചു. കേസില്‍ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ന് വൈകിട്ട് മൂന്നുവരെയാണ് കസ്റ്റഡിയില്‍ വെക്കാനുള്ള സമയപരിധി. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.