കോട്ടയം: കാതിലെ സ്വര്‍ണ്ണക്കടുക്കന്‍ വിറ്റ് കിട്ടിയ പന്ത്രണ്ട് രൂപയും അമ്മ നല്‍കിയ തകരപ്പെട്ടിയും തിരുനക്കരയിലെ ഖദര്‍ഷോപ്പില്‍ നിന്നും വാങ്ങിയ മുണ്ടും ഷര്‍ട്ടുമായി കുടമാളൂര്കാരന്‍ നാരായണന്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് യാത്ര പുറപ്പെട്ടു, ഗാന്ധിജിയെ കാണാന്‍. അമ്മാവനും അദ്ധ്യാപകനുമായ രാമന്‍പിള്ള മാഷിലൂടെ ചെറുപ്പം മുതല്‍ മാതൃരാജ്യത്തെ സ്വതന്ത്രയാക്കാന്‍ ദേശസ്‌നേഹികള്‍ നടത്തുന്ന പോരാട്ടത്തെപ്പറ്റി അറിഞ്ഞ നാരായണന്റെ മനസ്സില്‍ ദേശീയബോധവും ഗാന്ധിജിയോടുള്ള ആരാധനയും അത്ര തീവ്രമായിരുന്നു. ഡല്‍ഹിയിലെത്തി ആദ്യ മാസങ്ങളില്‍ തന്നെ പല ചരിത്രസംഭവങ്ങള്‍ക്കും ആ കോട്ടയംകാരന്‍ നേര്‍സാക്ഷിയായി.
ദക്ഷിണഭാരതത്തില്‍ ഹിന്ദി പ്രചാരണത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച, പെരുമാറ്റത്തിലും ആദര്‍ശങ്ങളിലും ഗാന്ധിജിയെ പിന്തുടര്‍ന്ന പണ്ഡിറ്റ് നാരായണ ദേവ് എന്ന അദ്ധ്യാപകനെപ്പറ്റി അറിയാത്തവര്‍ ചുരുക്കമാവും. കോട്ടയം നഗരം അദ്ദേഹത്തെ ആദരവോടെ കോട്ടയം ഗാന്ധി എന്ന് വിളിച്ചു. സ്വാതന്ത്ര്യ സമര സേനാനി, ഹിന്ദി കവി, ഗാന്ധിജിയുടെ കേരള സന്ദര്‍ശനവേളകളിലെ സേവകനും പ്രസംഗ പരിഭാഷകനും- ബഹുമുഖ പ്രതിഭയായിരുന്നു പണ്ഡിറ്റ് നാരായണ ദേവ്ജി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പണ്ഡിറ്റ് നാരായണ ദേവ് ജിയുടെ ജീവചരിത്രം ‘ലാഹോര്‍ സേ ശ്രീപദ്മനാഭപുരി തക്’ എന്ന പേരില്‍ പുസ്തകരൂപത്തിലാക്കിയിരിക്കുകയാണ് അദ്ധ്യാപകനും കലാ- സാംസ്‌കാരിക പ്രവര്‍ത്തകനുമായ രാജേഷ് കെ. പുതുമന. ഡിസംബര്‍ 20 തിങ്കളാഴ്ച അദ്ദേഹത്തിന്റെ സ്മൃതിദിനത്തില്‍ എംടി എച്ച്എസ്എസിലെ ഗാന്ധി മന്ദിരത്തില്‍ രാവിലെ പത്ത് മണിക്ക് ജസ്റ്റിസ് കെ.റ്റി തോമസ് പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. എംടി എച്ച്എസ്എസിലെ പൂര്‍വാദ്ധ്യാപകന്‍ കൂടിയായ ദേവ് ജി, ഗാന്ധിജിയോടൊപ്പം സമയം ചിലവഴിച്ച ഇടം കൂടിയാണ് ഈ സ്‌കൂള്‍ അങ്കണം.