കൊച്ചി: സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയ പ്ലാന്റ് കൊച്ചി മെട്രോയുടെ മുട്ടം യാർഡിൽ പ്രവർത്തനം തുടങ്ങി. 655 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. യാർഡിൽ റോഡിന് മുകളിൽ എലവേറ്റർ സ്ട്രക്ച്ചറുകൾ സ്ഥാപിച്ച് അതിന് മുകളിലാണ് പാനലുകൾ സ്ഥാപിച്ചത്. ഇതോടെ മൊത്തം ആവശ്യത്തിന്റെ 58 ശതമാനവും സൗരോർജത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കമ്പനിയായി കെ.എം.ആർ.എൽ.മാറി. മെട്രോയുടെ സൗരോർജ വൈദ്യുതി ഉത്പ്പാദനം 10.5 മെഗാവാട്ടായി ഉയർന്നു. ഏറ്റവും കൂടുതൽ സൗരോർജം ഉത്പ്പാദിപ്പിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നാണ് കൊച്ചി മെട്രോ. മുട്ടം യാർഡിന് സമീപമുള്ള ട്രാക്ക് ഏരിയയും റോഡ് ഏരിയയും തരിശായി കിടന്ന ഭൂമിയുമാണ് സൗരോർജ പാടമാക്കി മാറ്റിയത്.
നേരത്തെ, ട്രാക്കിന് മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് 5.191 മെഗാവാട്ട് വൈദ്യുതി ഫേസ് ത്രീ സോളാർ പ്രൊജക്ട് വഴി കെ.എം.ആർ.എൽ ഉത്പ്പാദിപ്പിച്ച് തുടങ്ങിയിരുന്നു. ട്രാക്കിന് മുകളിൽ ഏഴ് മീറ്റർ ഉയരത്തിൽ പാനലുകൾ സ്ഥാപിച്ചാണ് വൈദ്യുതി ഉത്പ്പാദനം. ചടങ്ങിൽ ഡയറക്ടർ സിസ്റ്റംസ് ഡി.കെ. സിൻഹ, ജനറൽ മാനേജർമാരായ എ. മണികണ്ഠൻ, മിനി ഛബ്ര, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ എൻ.എസ്. റെജി, മാനേജർ എൽ. ആൻഡ് ഇ ശക്കീബ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.