ചെന്നൈ : അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ഗുഡ് ബാഡ് അഗ്ലി’. ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ചിത്രം ഒരു പക്കാ സ്റ്റെലിഷ് ഗ്യാങ്സ്റ്റർ ചിത്രമായിട്ടാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം അവസാനിച്ചെന്ന് അറിയിച്ച് സംവിധായകൻ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മെലിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള അജിത്തിന്റെ ചിത്രമാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.‘എനിക്ക് ഈ അവസരം തന്നതിന് അജിത് സാറിന് നന്ദി. എന്റെ ആഗ്രഹം സഫലമായി. ഈ യാത്ര വളരെ മനോഹരമായിരുന്നു’, എന്നാണ് അജിത്തിനൊപ്പമുള്ള ചിത്രവും വീഡിയോയും പങ്കുവെച്ച് ആധിക് എക്സിൽ കുറിച്ചത്.അജിത്തിന്റെ മെലിഞ്ഞ ലുക്കിന് മികച്ച പ്രതികരണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
ഗുഡ് ബാഡ് അഗ്ലി ഉറപ്പായും തിയേറ്ററിൽ വലിയ തരംഗം തീർക്കുമെന്നും വളരെ കാലത്തിന് ശേഷം അജിത് ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുമെന്നുമാണ് പലരും കുറിക്കുന്നത്.മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്.മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. ജി വി പ്രകാശ് കുമാരന് സംഗീതം. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിന് റെക്കോർഡ് ഒടിടി ഓഫറുകൾ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. 95 കോടി രൂപയാണ് ചിത്രത്തിനായി പ്രമുഖ ഒടിടി പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തത്. ചിത്രം ഏപ്രിൽ അവസാന വാരമോ മെയ് ആദ്യമോ തിയേറ്ററിലെത്തും.