സിനിമ ഡസ്ക് : ബിഗ് ബജറ്റ് സിനിമകൾ ഒരുപാട് റിലീസ് ചെയ്ത വർഷമായിരുന്നു ഇത്. തമിഴിലും ഈ വർഷം പകുതിയോടെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്തു. എന്നാൽ ഈ ചിത്രങ്ങളിൽ പലതിനും മുടക്കുമുതൽ പോലും തിയറ്ററുകളിൽ നിന്ന് തിരിച്ചു പിടിക്കാനായില്ല എന്നതാണ് വാസ്തവം. വലിയ വീരവാദം മുഴക്കിയായിരുന്നു ഇത്തവണ പല വൻ ചിത്രങ്ങളും തിയറ്ററുകളിലെത്തിയത്.എന്നാൽ പടം ഇട്ട് ഓടിയതുമില്ല, തള്ള് മാത്രം ബാക്കിയായ അവസ്ഥയായിരുന്നു പല ചിത്രങ്ങൾക്കും നേരിടേണ്ടി വന്നത്. എന്നാൽ ഇതു കൊണ്ട് ഗുണമുണ്ടായത് ട്രോളൻമാർക്കാണ്. മീമുകളായും വിഡിയോകളായുമൊക്കെയായി ഇത്തരം ചിത്രങ്ങളെ ട്രോളൻമാർ ഒരു ആഘോഷമാക്കിയെടുത്തു. തമിഴ് സിനിമാ ലോകത്ത് ഈ വർഷം പുറത്തിറങ്ങിയതിൽ ട്രോളുകളിലൂടെ എയറിലായ ചില സിനിമകളിലൂടെ.
കങ്കുവ ഇതെന്തുവാ…- അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന വാചകമായിരുന്നു ഇത്. സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന ചിത്രത്തേക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ ഒരു ട്രോൾ വാചകമായിരുന്നു ഇത്. ചിത്രത്തിന്റെ ശബ്ദമിശ്രണവുമൊക്കെ ട്രോളിന് വഴിയൊരുക്കിയിരുന്നു. വൻ ഹൈപ്പോടെയാണ് കങ്കുവ തിയറ്ററുകളിലെത്തിയത്. ബോബി ഡിയോളായിരുന്നു ചിത്രത്തിൽ വില്ലനായെത്തിയത്. ചിത്രത്തിന് രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട്.ജൂലൈയിലാണ് ഇന്ത്യൻ 2 തിയറ്ററുകളിലെത്തിയത്. കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ചിത്രം ഒരു ബോക്‌സ് ഓഫീസ് ദുരന്തമായി മാറി. ഒപ്പം ചിത്രത്തെ തേടി ഏറെ വിമര്‍ശനങ്ങളും ട്രോളുകളുമെത്തി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം പതിപ്പുകള്‍ പ്രതീക്ഷിച്ചതു പോലെ കടുത്ത ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങിയത്. ലോജിക്ക് ഒരിക്കലും ശങ്കര്‍ പടത്തില്‍ പ്രതീക്ഷിക്കരുത് എന്നാല്‍ ഇത് അതിനപ്പുറമാണ് എന്നായിരുന്നു ചിത്രത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം. ചിത്രത്തിലെ കമൽ ഹാസന്റെ ഗെറ്റപ്പുകളും മീമുകളിൽ ഇടം പിടിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗം പുരോഗമിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രജനികാന്ത് നായകനായെത്തിയ ചിത്രമായിരുന്നു വേട്ടയ്യൻ. മലയാളത്തിൽ നിന്ന് മഞ്ജു വാര്യരും ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. സിനിമയ്ക്ക് അത്രകണ്ട് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നില്ലെങ്കിലും ചിത്രത്തിലെ ഒരു പാട്ടാണ് ട്രോളുകളിൽ മുങ്ങിയത്. അനിരുദ്ധ് രവിചന്ദറായിരുന്നു ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയത്. മനസിലായോ… എന്ന് തുടങ്ങുന്ന ഗാനം ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. അതേസമയം ഈ പാട്ടിന് നിരവധി ട്രോളും ഏറ്റുവാങ്ങേണ്ടി വന്നു.ഗോട്ട് എന്ന ചിത്രത്തിലൂടെ നടൻ വിജയ്ക്ക് നേരെയും ട്രോൾ പൂരമായിരുന്നു ഇത്തവണ. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം റിലീസാകുന്നതിന് മുൻപ് തന്നെ വിജയ്‌യുടെ ലുക്ക് ട്രോളൻമാരേറ്റെടുത്തു. പ്രേമലു സിനിമയിലെ അമൽ ഡേവിസിനെപ്പോലുണ്ട് ചിത്രത്തിലെ യുവാവായ വിജയ് എന്നായിരുന്നു പ്രധാന ട്രോൾ. സോഷ്യൽ മീഡിയയിൽ വൈറലായ ഡോബി ചായ്‌വാലയുമായി വിജയ്‌യെ താരതമ്യം ചെയ്യുന്ന ട്രോളുകളും കുറവല്ല. പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ, ലൈല, മീനാക്ഷി ചൗധരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.