സിനിമ ഡസ്ക് : മലയാളത്തിൻ്റെ മാസ് വയലൻസ് സിനിമകൾക്ക് പുത്തനൊരു അദ്ധ്യായം കുറിക്കാനായി ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഹനീഫ് അഥേനി ഒരുക്കുന്ന മാർക്കോ എത്തുകയാണ്. പ്രഖ്യാപനം മുതൽ തന്നെ വയലൻസ് സിനിമകളുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മാർക്കോയുടെ വരവിനായി. ചിത്രത്തിൻ്റെതായി വരുന്ന ഓരോ അപ്ഡേറ്റുകളും സിനിമാ പ്രേമികൾ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ബ്ലഡ് സോങ്ങും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.ഇപ്പോളിതാ മാർക്കോയുടെ പുതിയ ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. മാർക്കോ സിനിമയെ അഭിനേതാക്കൾ പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. സിനിമ എന്താണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കേണ്ട ആവശ്യകതയും വീഡിയോയിൽ പറയുന്നുണ്ട്. പതിനെട്ട് വയസിന് താഴേയുള്ളവർക്ക് കാണാൻ പറ്റിയ സിനിമയാണിതെന്ന് തോന്നുന്നില്ലെന്നാണ് ജഗദീഷ് വീഡിയോയിൽ പറയുന്നത്.
പക്കാ വയലൻസുമായി എത്തുന്നതാണ് മാർക്കോ എന്ന് താരങ്ങളും സംഭാഷണങ്ങളിൽ നിന്നും മനസിലാക്കാം.ചിത്രം ഡിസംബർ 20നാണ് തിയറ്ററുകളിൽ എത്തുക. നേരത്തെ റിലീസ് ചെയ്ത മാർക്കോയുടെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന മാർക്കോ സംവിധാനം ചെയ്യുന്നത് ഹനീഫ് അഥേനിയാണ്. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. രവി ബസ്രൂർ ആണ് സംഗീതം ഒരുക്കുന്നത്.ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് , അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്