സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരത്തിനായി ഇന്ത്യ നാളെ സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോർട് പാര്‍ക്കിലിറങ്ങുമ്ബോള്‍ രണ്ടാം ടി20 തോറ്റ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.രണ്ടാം ടി20യില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണും റിങ്കു സിംഗും അഭിഷേക് ശര്‍മയും അടക്കമുള്ള ബാറ്റിംഗ് നിര നിരാശപ്പെടുത്തിയിരുന്നു.ബൗളിംഗ് നിരയില്‍ അര്‍ഷ്ദീപ് സിംഗും ആവേഷ് ഖാനും അവസാന ഓവറുകളില്‍ നിറം മങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന മൂന്നാം ടി20 ജയിച്ച് പരമ്പര നഷ്ടമാവില്ലെന്ന് ഉറപ്പിക്കാനിറങ്ങുന്ന ഇന്ത്യൻ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ക്കെങ്കിലും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഓപ്പണിംഗില്‍ അഭിഷേക് ശര്‍മയുടെ മങ്ങിയ ഫോമാണ് ഇന്ത്യക്ക് തലവേദനയാകുന്നത്. ഐപിഎല്ലിലും സിംബാബ്‌വെക്കെതിരെയും തകര്‍ത്തടിച്ചെങ്കിലും പിന്നീടിതുവരെ അഭിഷേകില്‍ നിന്ന് വലിയ ഇന്നിംഗ്സുകളൊന്നും പിറന്നിട്ടില്ല. ഈ സാഹചര്യത്തില്‍ നാളെ അഭിഷേക് ശര്‍മക്ക് പകരം ഓപ്പണിംഗില്‍ ഇന്ത്യ ജിതേഷ് ശര്‍മക്ക് അവസരം നല്‍കിയേക്കുമെന്നാണ് സൂചന. അഭിഷേകും സഞ്ജുവും മാത്രമാണ് ടീമിലെ ഓപ്പണര്‍മാരെന്നതിനാല്‍ ഇന്ത്യക്ക് മുന്നില്‍ മറ്റ് സാധ്യതകളില്ല.ബാറ്റിംഗ് നിരയില്‍ മറ്റ് പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ലെന്നിരിക്കെ ബൗളിംഗ് നിരയില്‍ ആവേശ് ഖാനോ അര്‍ഷ്ദീപ് സിംഗോ പുറത്തിരിക്കാനുള്ള സാധ്യതയുമുണ്ട്. അര്‍ഷ്ദിപ് പുറത്തിരുന്നാല്‍ ഇടം കൈയന്‍ പേസറായ യഷ് ദയാല്‍ ഇന്ത്യക്കായി അരങ്ങേറും. ആവേഷ് ഖാനാണ് പുറത്തുപോകുന്നതെങ്കില്‍ ബൗളിംഗ് നിരയില്‍ വിജയ്കുമാര്‍ വൈശാഖിന് അവസരം ലഭിക്കാനാണ് സാധ്യത. മധ്യനിരയില്‍ തിലക് വര്‍മക്ക് പകരം ഓള്‍ റൗണ്ടര്‍ രമണ്‍ ദീപ് സിംഗ് പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നു.