കട്ടക്ക് : ഒടുവിൽ എല്ലാ പഴികൾക്കും വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും രോഹിത് ശർമ മറുപടി കണ്ടെത്തിയിരിക്കുന്നു. കട്ടക്കിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഫോമിലേക്കുയർന്ന 37-കാരൻ സെഞ്ചുറി തൊട്ടു. മികച്ച ഷോട്ടുകളിലൂടെ ക്രീസിൽ നിറഞ്ഞാടിയ ഇന്ത്യൻ ക്യാപ്റ്റൻ 77 പന്തുകളിൽ നിന്നാണ് മൂന്നക്കത്തിലെത്തിയത്. ഫ്ളിക് ഷോട്ടുകളും ഡൗൺ ദ ഗ്രൗണ്ട്, ഓവർ കവർ ഷോട്ടുകളുമായി ഹിറ്റ്മാൻ കളം നിറഞ്ഞു.ഇതിന് മുമ്പ് ഏകദിനത്തിൽ 2023 ഒക്ടോബർ 11-ന് അഫ്ഗാനിസ്ഥാനെതിരെ ന്യൂഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് രോഹിത് സെഞ്ചുറി നേടിയത്. അതായത് ഒരു വർഷവും നാല് മാസവും പിന്നിട്ട ശേഷമൊരു സെഞ്ചുറി. ട്വന്റി-20യിൽ 2024 ജനുവരിയിലും ടെസ്റ്റിൽ 2024 മാർച്ചിലും രോഹിത് നൂറിലെത്തിയിരുന്നു.എന്നാൽ പിന്നീടിങ്ങോട്ട് ഇന്ത്യൻ ജഴ്സിയിൽ അത്ര സുഖകരമായിരുന്നില്ല ഇന്ത്യൻ ക്യാപ്റ്റന്റെ യാത്ര. ബോർഡർ-ഗാവസ്ക്കർ ടെസ്റ്റ് പരമ്പരയിൽ പരാജയമായതോടെ ടീമിൽനിന്ന് തഴയപ്പെട്ടു.
രോഹിതിന് പകരം ജസ്പ്രീത് ബുംറ ഇന്ത്യൻ നായകനായി മാറി. പിന്നാലെ രോഹിതിന്റെ വിരമിക്കലിനായി വിവിധ ഭാഗങ്ങളിൽ നിന്ന് മുറവിളി ഉയർന്നു. രോഹിതിന്റെ ഭാവിയുടെ കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്ന് റിപ്പോർട്ടുകൾ വന്നു. രഞ്ജിയിലും താരം ഭാഗ്യപരീക്ഷണം നടത്തി. പക്ഷേ മുംബൈയുടെ ജഴ്സിയിലും നിരാശ തന്നെയായിരുന്നു ഫലം. ഒടുവിൽ ഇംഗ്ലണ്ടിനെതിരായ പരമ്പര അവസാനത്തെ കച്ചിത്തുരുമ്പായി. എന്നാൽ ആദ്യ ഏകദിനത്തിൽ ഏഴ് പന്തിൽ രണ്ട് റൺസായിരുന്നു സമ്പാദ്യം. ഇതോടെ സമ്മർദ്ദം കൂടി. എന്നാൽ രണ്ടാം ഏകദിനത്തിൽ ഹിറ്റ്മാന് പിഴച്ചില്ല.രോഹിതിന്റെ കരിയറിലെ 49-ാം സെഞ്ചുറിയാണിത്. ഏകദിനത്തിലെ 32-ാം സെഞ്ചുറിയും. ഇന്ത്യൻ ജഴ്സിയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ രാഹുൽ ദ്രാവിഡിനേയും രോഹിത് മറികടന്നു. 48 സെഞ്ചുറിയാണ് ദ്രാവിഡിന്റെ പേരിലുള്ളത്. ഈ പട്ടികയിൽ സച്ചിൻ തെണ്ടുൽക്കറും വിരാട് കോലിയുമാണ് രോഹിതിന് മുന്നിലുള്ളത്.ഇതിനൊപ്പം ഏകദിന ക്രിക്കറ്റിൽ സിക്സുകളുടെ എണ്ണത്തിൽ വെസ്റ്റിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ലിന്റെ റെക്കോഡും രോഹിത് മറികടന്നു. 333 സിക്സുകളാണ് രോഹിത് ഇതുവരെ നേടിയത്. ഗെയ്ലിന്റെ പേരിലുള്ളത് 331 സിക്സുകളാണ്. പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയാണ് 351 സിക്സുമായി ഈ പട്ടികയിൽ മുന്നിലുള്ളത്.