തിരുവനന്തപുരം : സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റുകളിൽ വിജയിച്ചപ്പോൾ എൽഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളിൽ വിജയിക്കാനായി. എൽഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സ്ഥിതി. യുഡിഎഫ് സീറ്റ് പിടിച്ചെടുത്തതോടെ തൃശൂർ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണവും നഷ്ടമാകും.
നാട്ടികയിൽ ഇതുവരെ എൽ.ഡി.എഫ് അഞ്ച്, യു.ഡി.എഫ് അഞ്ച് എന്ന അവസ്ഥയായിരുന്നു. എന്നാലിപ്പോൾ യു.ഡി.എഫിന് ആറുസീറ്റ് ലഭിച്ചിരിക്കുകയാണ്. നാട്ടിക ഒൻപതാം വാർഡാണിപ്പോൾ യു.ഡി.എഫ് തിരിച്ചു പിടിച്ചിരിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി. ബിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് സ്വന്തമാക്കിയത്.ഇടുക്കി കരിമണ്ണൂർ പഞ്ചായത്തിൽ പന്നൂർ വാർഡാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 127 വോട്ടുകൾക്കാണ് യു.ഡി.എഫിലെ ദിലീപ് കുമാർ വാർഡ് പിടിച്ചെടുത്തത്. യു.ഡി.എഫിലെ ഒരംഗം കൂറുമാറിയതിനെ തുടർന്നാണിവിടെ ഭരണം നഷ്ടമായത്.പലാക്കാട് തച്ചമ്പാറയിൽ ഏഴ്-ഏഴ് എന്ന നിലയിലാണ് യു.ഡി.എഫും എൽ.ഡി.എഫും നിലനിന്നത്. ഇപ്പോഴത് യു.ഡി.എഫിന് എട്ട് സീറ്റായി മാറി.