കൊച്ചി : സംസ്ഥാന സ്കൂൾ കായികമേളയിൽ സമാപന ചടങ്ങിൽ കടുത്ത സംഘർഷം. പോയിന്റ് നൽകിയതിലെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർഥികളും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമാപന ചടങ്ങിൽ പങ്കെടുക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, കായിക മന്ത്രി വി. അബ്ദുൾ റഹ്മാൻ എന്നിവർ വേദിയിലെത്തിയിരുന്നു. ബഹളത്തെ തുടർന്ന് പോലീസ് അവരെ സുരക്ഷിതമായി മാറ്റി.സ്കൂളുകളുടെ വിഭാഗത്തിൽ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്. ആണ്.
ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളിൽ 44 പോയിന്റോടെ തിരുന്നാവായ നവാമുകുന്ദ എച്ച്.എസ്.എസും 43 പോയിന്റോടെ കോതമംഗലം മാർ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എന്നാൽ, ഇവർക്കു പകരം സ്പോർട്സ് സ്കൂളായ ജി.വി. രാജയ്ക്ക് രണ്ടാംസ്ഥാനം.വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരുമടക്കം കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. ‘മാധ്യമങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കാണിച്ചു തന്നേനേ’, എന്ന് വിദ്യാർഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായും പോലീസ് മർദ്ദിച്ചതായും ആരോപണം ഉയരുന്നു.