കൊച്ചി : തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് ഗുരുതരപരിക്ക്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണാണ് പരിക്കേറ്റത്. സ്റ്റേഡിയത്തിൽ നടക്കുന്ന നൃത്തപരിപാടിയിൽ പങ്കെടുക്കാനാണ് ഉമാ തോമസ് സ്റ്റേഡിയത്തിലെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.സ്റ്റേജിലേക്ക് കയറുമ്പോഴാണ് അപകടം നടക്കുന്നത്. സ്റ്റേജിന്റെ കൈവരിയിൽ നിന്ന് ഉമാ തോമസ് താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ എം.എൽ.എയുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എം.എൽ.എ യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് പത്തടിയോളം ഉയരത്തിൽ നിന്നാണ് താഴെ വീണതെന്നാണ് വിവരം. വി.ഐ.പി ഗാലറിയിൽ നിന്നാണ് അപകടം.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച എം.എൽ.എയുടെ സ്കാനിങ് ഉൾപ്പെടെ കഴിഞ്ഞ ശേഷമേ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.മുഖം കുത്തിയാണ് ഉമാ തോമസ് എംഎൽഎ വീണത്. മൂക്കിൽ നിന്നും വായിൽ നിന്നും അമിതമായി രക്തം വരുന്നുണ്ടായിരുന്നു. വീഴ്ചയിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. അതേസമയം, നൃത്തപരിപാടി ആരംഭിച്ചിട്ടുണ്ട്.മന്ത്രി സജി ചെറിയാനുൾപ്പെടെയുള്ള ജനപ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. സ്റ്റേജ് കെട്ടിയതിൽ എന്തെങ്കിലും തരത്തിലുള്ള അപാകത സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യത്തിൽ വ്യക്തത വരാനുണ്ട്.