ഇടുക്കി : വീണ്ടും വിവാദ പരാമർശവുമായി എം.എം മണി എംഎൽഎ. ‘അടിച്ചാൽ തിരിച്ചടിക്കണം, തല്ലു കൊണ്ടിട്ട് വീട്ടിൽ പോകുന്നതല്ല നിലപാട്. അതിന്റെ പേരിലുണ്ടാകുന്ന കേസ് നല്ല വക്കീലിനെ വെച്ച് വാദിക്കണം. തല്ലേണ്ടവരെ തല്ലിയാണ് താനിവിടെ വരെ എത്തിയത്.’ എന്നാണ് മണി പറഞ്ഞത്.സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് മണിയുടെ വിവാദ പരാമർശം. മാധ്യമങ്ങൾ ഇത് കൊടുത്ത് കുഴപ്പത്തിലാക്കല്ലെയെന്നും പ്രസംഗത്തിനിടെ എം.എം മണി സൂചിപ്പിച്ചു.കഴിഞ്ഞയാഴ്ചയും വിവാദ പരാമർശവുമായി മണി എംഎൽഎ രംഗത്തുവന്നിരുന്നു.’അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിലനിൽക്കില്ല. നമ്മളെ അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുക. എന്തിനാണ് പ്രതിഷേധിക്കുന്നത്? ആളുകളെ നമ്മുടെ കൂടെ നിർത്താനാണ്.
അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പിന്നെ തല്ലുകൊള്ളാനേ നേരം കാണൂ. ഞാനൊക്കെ പല നേതാക്കന്മാരെയും നേരിട്ട് അടിച്ചിട്ടുണ്ട്. പ്രസംഗിച്ച് മാത്രം നടന്നാൽ പ്രസ്ഥാനം നിലനിൽക്കില്ല.നമ്മുടെ എത്ര അണികളെയാ കൊന്നിരിക്കുന്നത്. കാമരാജ്, തങ്കപ്പൻ, അയ്യപ്പദാസ്.. എത്ര പേരാണ്… അടിച്ചാൽ തിരിച്ചടിക്കുക തന്നെ വേണം. എന്ന് പറഞ്ഞ് നാളെ മുതൽ കവലയിൽ ഇറങ്ങി തല്ലുണ്ടാക്കാൻ നിന്നാൽ നമ്മുടെ കൂടെ ആരും കാണില്ല. തിരിച്ചടിക്കുമ്പോൾ ആളുകൾ പറയണം, ആഹ് അത് കൊള്ളാം… അത് വേണ്ടിയിരുന്നു എന്ന് അവർക്ക് തോന്നണം. ജനങ്ങൾ അംഗീകരിക്കുന്ന മാർഗം സ്വീകരിക്കണം.മണി സാർ ചെയ്തത് ശരിയായില്ല എന്ന് ആളുകൾക്ക് തോന്നിയാൽ പ്രസ്ഥാനം കാണുമോ… കാണില്ല. തിരിച്ചടിച്ചത് ശരിയായി എന്ന് ജനങ്ങൾ പറഞ്ഞാൽ അത് ശരിയാണ്, അല്ലെങ്കിൽ അല്ല. അതാണ് ബലപ്രയോഗത്തിന്റെ നിയമം. കമ്യൂണിസ്റ്റുകാർ ബലപ്രയോഗം സ്വീകരിക്കുന്നത് ജനങ്ങൾക്കത് ശരിയാണ് എന്ന് തോന്നുമ്പോളാണ്. അവർ ശരിയല്ല എന്ന് പറയുന്ന മാർഗം നമ്മൾ സ്വീകരിക്കരുത്. അല്ലെങ്കിൽ നമ്മൾ ഒറ്റപ്പെടും, പ്രസ്ഥാനം ദുർബലപ്പെടും’. എന്നാണ് മണി പറഞ്ഞത്