കോഴിക്കോട് : സ്വിഗ്ഗി ജീവനക്കാർ പണിമുടക്കിയതോടെ പ്രതിസന്ധിയിലായി ഓൺലൈൻ ഭക്ഷണ വിതരണം. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെയാണ് സ്വിഗ്ഗി തൊഴിലാളികളുടെ അനിശ്ചിതകാല പണി മുടക്ക്.മിനിമം വേതനം അനുവദിക്കുക, ഡെയിലി, വീക്കിലി ഇൻസെന്റീവുകളും ബോണസുകളും അനുവദിക്കുക, തുല്യജോലിക്ക് തുല്യവേതനം നടപ്പിലാക്കുക, കിലോമീറ്റർ ചാർജ്ജ് മാന്യമായ രീതിയിൽ അനുവദിച്ച് നൽകുക, ജില്ലാ തലത്തിൽ സ്വിഗ്ഗി ഓഫീസ് അനുവദിക്കുക തുടങ്ങി 13 ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പണി മുടക്കുന്നത്.ലേബർ കമ്മീഷണർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടും മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നും വർഷങ്ങളായി ചൂഷണം ചെയ്യുകയാണെന്നും തൊഴിലാളികൾ പറയുന്നു. ഒരുമാസം മുമ്പ് തന്നെ സമരത്തിലേക്ക് പോകുന്ന കാര്യം കമ്പനിയെ അറിയിച്ചിരുന്നെന്നും എന്നാൽ സമരം പൊളിക്കാനുള്ള നടപടികളാണ് കമ്പനി സ്വീകരിച്ചതെന്നും തൊഴിലാളികൾ ആരോപിച്ചു.സിഐടിയു, എച്ച്.എം.എസ്, ഐ.എൻ.ടി.യു.സി., എസ്.ടി.യു തുടങ്ങി വിവിധ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാണ് പണി മുടക്ക്.