പനച്ചിക്കാട് : പരുത്തും പാറകവലയിൽ യുവാവിനെ കുത്തിപ്പരുക്കേൽപ്പിക്കുകയും കാൽ തല്ലിയൊടിക്കുകയും ചെയ്ത സംഭവത്തിൽ ചിങ്ങവനം പോലീസ് കേസ് എടുത്തു . മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ പുതുപ്പറമ്പിൽ രാജേഷി(43)ന്റെ മൊഴി പോലീസ് വീട്ടിൽ വന്ന് രേഖപ്പെടുത്തി . ഫെബ്രുവരി 2 ന് ഞായറാഴ്ച രാത്രി ഏഴരയോടു കൂടി പനച്ചിക്കാട് ഗ്രാമ പഞ്ചായത്താഫീസിനോട് ചേർന്നുള്ള ഷോപ്പിങ്ങ് കോംപ്ലക്സിനു സമീപമാണ് ആക്രമണം നടന്നത് . കൂട്ടുകാരുമൊത്ത് സംസാരിച്ചിരിക്കുമ്പോൾ പരുത്തുംപാറകവലയിലെ സി ഐ ടി യു ഓട്ടോ തൊഴിലാളി യൂണിയൻ നേതാവ് തന്നെ സ്റ്റീലിന്റെ നീളമുള്ള ആയുധം ഉപയോഗിച്ച് ആദ്യം നെഞ്ചിന്റെ വലതു വശത്ത് താഴെയായി കുത്തിപ്പരുക്കേൽപ്പിച്ചുവെന്ന് രാജേഷ് പറഞ്ഞു . രക്തം വാർ ന്നൊഴുകിയ ഞാൻ ആശുപത്രിയിൽ പോകുവാൻ വാഹനം ലഭിക്കുവാൻ കവലയിലേക്ക് നടന്നു നീങ്ങിയപ്പോൾ ഇയാൾ സംഘം ചേർന്ന് വന്ന് ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ഇടതു കാലിന് അടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തതായി രാജേഷ് പറഞ്ഞു .
സംഭവത്തിൽ സി പി എം നേതാക്കളുടെ സമ്മർദത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് യാതൊരു നടപടിയുംസ്വീകരിച്ചിരുന്നില്ല . 3-ാം തീയതി തിങ്കളാഴ്ച തന്നെ മെഡിക്കൽ കോളേജിൽ നിന്നും പരുക്ക് സംബന്ധിച്ച ഇന്റിമേഷൻ ചിങ്ങവനം പോലീസിന് കൈ മാറിയിരുന്നു . എന്നിട്ടും പോലീസ് അനങ്ങിയില്ല.ഒടുവിൽ പരുത്തുംപാറയിലെ സി ഐ ടി യു ഓട്ടോ തൊഴിലാളി നേതാവ് പനച്ചിക്കാട് കച്ചേരിപ്പറമ്പിൽ ബൈജുവിനെതിരെ പോലീസ് കേസ് എടുക്കുകയായിരുന്നു . ഇതിനിടയിൽ സി പി എം ലോക്കൽ കമ്മറ്റിഅംഗങ്ങളുടെ നേതൃത്വത്തിൽ രാജേഷിന്റെ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്യുകയും കേസിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെടുകയും ചെയ്തതായി ആരോപണമുണ്ട് .