കൊച്ചി : പാലിയേക്കര ടോൾപ്ലാസയിലെ ടോൾ പിരിവ് തുടരാനില്ലെന്ന ഹൈക്കോടതി ഉത്തരവ് നീളുന്നു. ദേശീയപാത അതോറിറ്റി സമർപ്പിച്ച ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് നടപടി തുടരുന്നത്. സെപ്റ്റംബർ 9 വരെ ടോൾ പിരിവ് തടഞ്ഞ നില തുടരും.റോഡ് നിർമാണം മന്ദഗതിയിലാണെന്നും സർവീസ് റോഡുകൾ നവീകരിച്ചിട്ടില്ലെന്നും മോണിറ്ററിങ് കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കി. പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം ഇതുവരെ കണ്ടത്താനായിട്ടില്ലെന്നും കമ്മിറ്റിയുടെ വിലയിരുത്തലിൽ പറയുന്നു.ഗതാഗതക്കുരുക്ക് പൂർണ്ണമായി മാറിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, റോഡിന്റെ മോശം അവസ്ഥ പരിഹരിച്ച് ഗതാഗതം സുഗമമാകുന്നത് വരെ ടോൾ പിരിവ് നിർത്തിവെക്കാമെന്ന സുപ്രീംകോടതി നിലപാട് ഹൈക്കോടതി ഉത്തരവിന് ശക്തി നൽകി.മുമ്പ്, ടോൾ പിരിവ് നാല് ആഴ്ചത്തേക്ക് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രീംകോടതി കടുത്ത വിമർശനത്തോടെ തള്ളിയിരുന്നു. കുഴിയും കുണ്ടും നിറഞ്ഞ റോഡിൽ സഞ്ചരിക്കാനായി പൊതുജനം അധികം പണം നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.