പത്ത് രൂപയുടെ കുപ്പിവെള്ളത്തിന് 100 രൂപ ഈടാക്കിയതായി സൊമാറ്റോയ്ക്കെതിരെ ആരോപണം. പല്ലബ് ഡെ എന്ന വ്യക്തിയാണ് തനിക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.പോസ്റ്റ് വളരെ വേഗത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചൂടേറിയ സമൂഹ മാധ്യമ ചർച്ചകള്‍ക്ക് വഴി തുറക്കുകയും ചെയ്തു. ഒരു കച്ചേരിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ജനപ്രിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ 10 രൂപയുടെ കുപ്പി വെള്ളം 100 രൂപയ്ക്ക് വില്പന നടത്തിയതെന്ന് പല്ലബ് ഡെ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.സമൂഹ മാധ്യമങ്ങളില്‍ കുറിപ്പ് വൈറല്‍ ആയതോടെ ഇത്തരം ഇവന്റുകളിലെ വില നിർണ്ണയ രീതികളെക്കുറിച്ച് സജീവമായ ചർച്ചയ്ക്ക് വഴി തുറന്നു. തനിക്കുണ്ടായ അനുഭവത്തില്‍ നിരാശയും അസംതൃപ്തിയും പ്രകടിപ്പിച്ച പല്ലബ് ‘ആരെയും സ്വന്തം കുപ്പികളില്‍ വെള്ളം കൊണ്ടുവരാൻ അനുവദിക്കാത്ത കച്ചേരി വേദികളില്‍ 10 രൂപയുടെ കുപ്പി വെള്ളം 100 രൂപയ്ക്ക് വില്ക്കാൻ ആരാണ് സൊമാറ്റോയ്ക്ക് അനുവാദം നല്‍കിയത്?’ എന്ന് തന്റെ സമൂഹ മാധ്യമ കുറിപ്പില്‍ ചോദിച്ചു. താൻ വാങ്ങിയ രണ്ട് കുപ്പി വെള്ളത്തിന്റെ ചിത്രങ്ങളും അതിനായി നല്കിയ 200 രൂപയുടെ ഗൂഗിള്‍ പേ സ്ക്രീൻഷോട്ടും ഇതോടൊപ്പം അദ്ദേഹം പങ്കുവച്ചു.സംഭവം വിവാദമായതോടെ ക്ഷമാപണവുമായി സൊമാറ്റോ രംഗത്തെത്തി.
പല്ലബിന്റെ പോസ്റ്റിന് താഴെ സൊമാറ്റോ എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു, ‘ഹായ് പല്ലബ്, നിങ്ങള്‍ക്കുണ്ടായ ദുരനുഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ടിക്കറ്റിംഗ് പങ്കാളിയായിരുന്നെങ്കിലും ഞങ്ങള്‍ ഇവന്റ് ഓർഗനൈസർമാരല്ല. ഇനി വരാനിരിക്കുന്ന ഇവന്റുകളില്‍ തീർച്ചയായും നിങ്ങളുടെ ഫീഡ്ബാക്ക് ഞങ്ങള്‍ പരിഗണിക്കുന്നതായിരിക്കും’.സൊമാറ്റോയ്ക്ക് മറുപടിയായി, ഇവന്റ് ഓർഗനൈസർമാരായ ഇവാ ലൈവിനെ കൂടി തന്റെ പോസ്റ്റില്‍ ടാഗ് ചെയ്ത പല്ലബ് കുപ്പിയില്‍ 10 രൂപയാണ് എംആർപി എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു ഫോട്ടോയും പങ്കുവച്ചു. ഇത് വിവാദം ആളിക്കത്തിച്ചു. ഇത്രയും കുറഞ്ഞ എംആർപിയുള്ള ഒരു ഉല്‍പ്പന്നം എങ്ങനെയാണ് ഇത്രയും വിലകൂട്ടി വില്ക്കാൻ കഴിയുന്നതെന്ന് പല ഓണ്‍ലൈൻ ഉപയോക്താക്കളും ആശ്ചര്യം പ്രകടിപ്പിച്ചു. ഇന്ത്യയില്‍ ഒരു ഉല്‍പ്പന്നം വില്ക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന വിലയാണ് എംആര്‍പി (പരമാവധി ചില്ലറ വില), അതില്‍ എല്ലാ നികുതികളും ഉള്‍പ്പെടുന്നു. ചില്ലറ വ്യാപാരികള്‍ പാക്കേജിംഗില്‍ അച്ചടിച്ച എംആർപിയേക്കാള്‍ കൂടുതല്‍ വില ഈടാക്കാൻ പാടില്ലെന്നാണ് രാജ്യത്തെ നിമയമെന്ന് നിരവധി പേര് ചൂണ്ടിക്കാണിച്ചു.