മണര്‍കാട് : ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ സഹവികാരിയായിരുന്ന അന്തരിച്ച ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പയ്ക്ക് ഇടവകയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തങ്ങളുടെ ഏറ്റവും പ്രയപ്പെട്ട അച്ചനെ ഒരുനോക്കുകാണുവാനും അന്തിമോപാചരം അര്‍പ്പിക്കുവാനും വിവിധ സ്ഥലങ്ങളില്‍നിന്ന് നൂറുകണക്കിന് ആളുകളും മത, സാമൂധായിക, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു.
വൈദീകരുടെ സംസ്‌കാരശുശ്രൂഷയുടെ ഒന്നു മുതല്‍ ഏഴു വരെയുള്ള തെശ്‌മെശ്‌ത്തോകള്‍ രണ്ട് ദിവസങ്ങളിലായി തിരുവഞ്ചൂരിലെ വസതിയില്‍ സഭയിലെ വിവിധ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ നടത്തി. ഇന്നലെ ഉച്ചയ്ക്ക് കത്തീഡ്രലിലേക്ക് വിലാപയാത്ര പുറപ്പെട്ടു. തുടര്‍ന്ന് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോര്‍ തീമോത്തിയോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ സംസ്‌കാരശുശ്രൂഷയുടെ എട്ടാം തെശ്‌മെശ്‌ത്തോ നടത്തി. മാത്യൂസ് മോര്‍ ഈവാനിയോസ്, കുറിയാക്കോസ് മോര്‍ ഈവാനിയോസ്, മാത്യൂസ് മോര്‍ അന്തീമോസ്, ഏലിയാസ് മോര്‍ യൂലിയോസ്, മാത്യൂസ് മോര്‍ തീമോത്തിയോസ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമാപനശുശ്രൂഷയുടെ ആദ്യഭാഗത്തിനുശേഷം പുശ്ബശ്‌ശ്ലോമോ ക്രമം നടത്തി. വിടവാങ്ങല്‍ ശുശ്രൂഷയില്‍ താന്‍ ശുശ്രൂഷിച്ച മദ്ബഹായോടും ഇടവകയോടും ദേശത്തോടും യാത്രചോദിച്ചു. തുടര്‍ന്ന് അനുയാത്രയായി കത്തീഡ്രല്‍ പള്ളിയില്‍നിന്ന് കരോട്ടെ പള്ളിയിലേക്ക് പോയി. സമാപന ശുശ്രൂഷയുടെ തുടര്‍ഭാഗം പൂര്‍ത്തിയാക്കിയ ശേഷം കരോട്ടെ പള്ളിയുടെ കിഴക്കുവശത്ത് പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന കബറിടത്തില്‍ സംസ്‌കരിച്ചു.
സംസ്കാര ക്രമീകരണങ്ങൾക്ക് ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയിടത്തുവയലിൽ, വർഗീസ് ഐപ്പ് മുതലുപടി , കത്തീഡ്രൽ സെക്രട്ടറി വി.ജെ.ജേക്കബ് വാഴത്തറ എന്നിവർ നേതൃത്വം നൽകി.