പെരുവ : കോട്ടയം പെരുവയിൽ വേനൽ മഴയിലും കാറ്റിലും വീടുകൾ തകർന്നു. വേനൽ മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂര പൂർണ്ണമായും, നിരവധി വീടുകൾ ഭാഗികമായും തകർന്നു. ബുധനാഴ്ച വൈകുന്നേരം 7 ന് ഉണ്ടായ കാറ്റിലാണ് വീടുകൾ തകർന്നത്. മുളക്കുളം പഞ്ചായത്തിലെ കാരിക്കോട് മേഖലയിലാണ് കാറ്റ് നാശം വിതച്ചത്. കാരിക്കോട് ചെമ്മഞ്ചിയിൽ മറിയാമ്മ, വെള്ളരം കാലായിൽ രവി, ആര്യപ്പിള്ളിയിൽ സജീവൻ, രാജു, കീഴൂർ നിരപ്പേൽ ഹരിദാസ് എന്നിവരുടെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്. അപകടം നടക്കുന്ന സമയം വീട്ടിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ ആളപായമില്ല. കാറ്റിൽ ലക്ഷക്കണക്കിന് രൂപയുടെ നാശവും ഉണ്ടായിട്ടുണ്ട്. തകർന്ന വീടുകൾ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.വാസുദേവൻ നായർ ,വില്ലേജ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ച് നഷ്ടം വിലയിരുത്തി.