ന്യൂസ് ഡെസ്ക് : ഈ സീസണിലെ ഐപിഎല്‍ തുടങ്ങും മുന്‍പ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ മുംബൈ ഇന്ത്യന്‍സ് തീരുമാനം വലിയ വിവാദമായിരുന്നു.ആരാധകര്‍ കടത്ത എതിര്‍പ്പും ഉയര്‍ത്തി. എന്നാല്‍ വിഷയത്തില്‍ രോഹിത് ശര്‍മ പ്രത്യേകിച്ചൊരു പ്രതികരണവും നടത്തിയിരുന്നില്ല. ഇപ്പോള്‍ വിഷയത്തില്‍ ആദ്യമായി പ്രതികരണം നടത്തുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. മാധ്യമങ്ങളുടെ ചോദ്യത്തിനാണ് രോഹിത് മറുപടി നല്‍കിയത്.
‘എല്ലാ കാര്യങ്ങളും നാം വിചാരിക്കുന്നതു പോലെ വരില്ല. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. ഇത്തരം കാര്യങ്ങള്‍ ജീവിതത്തിലെ മഹത്തായ അനുഭവവുമാണ്.’ ‘നേരത്തെ ഞാന്‍ നായകനായിരുന്നില്ല. നിരവധി നായകന്മാര്ക്ക് കീഴില്‍ ഞാന്‍ കളിച്ചിട്ടുമുണ്ട്. എന്നെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമോ, വ്യത്യസ്ത അനുഭവമോ ഒന്നുമല്ല.”ടീമിനു വേണ്ടത് എന്താണോ അതു ചെയ്യുക. കഴിഞ്ഞ ഒരു മാസമായി ഞാന്‍ അതാണ് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്’- രോഹിത് വ്യക്തമാക്കി.മഹേന്ദ്ര സിങ് ധോനി, വിരാട് കോഹ്ലി, വീരേന്ദര്‍ സെവാഗ് എന്നിവരുടെ കീഴില്‍ ഇന്ത്യക്കായി രോഹിത് കളിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ആദം ഗില്‍ക്രിസ്റ്റ്, ഹര്ഭജന് സിങ്, റിക്കി പോണ്ടിങ് തുടങ്ങിയവരുടെ ക്യാപ്റ്റന്‍സിയിലും രോഹിത് കളിച്ചു.