ആലപ്പുഴ : വാർഷികപരീക്ഷയുടെ സമയക്രമം നിശ്ചയിച്ചതിലെ അപാകം പ്ലസ്ടു സയൻസ് ഗ്രൂപ്പുകളിലെ വിദ്യാർഥികളെ വെട്ടിലാക്കുന്നു.അവസാനവട്ട തയ്യാറെടുപ്പിന് വേണ്ടത്ര സമയംകിട്ടാത്ത വിധത്തിലാണ് പരീക്ഷാനടത്തിപ്പ്.ശാസ്ത്രവിഷയങ്ങളുടെ പരീക്ഷയ്ക്ക് പരമാവധി ദിവസങ്ങള്‍ ഇടവേള ലഭിക്കുന്ന വിധത്തിലായിരുന്നു മുൻപ് സമയക്രമം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ഈ രീതി മാറ്റി. ഭൗതികശാസ്ത്രം, ബയോളജി പരീക്ഷകള്‍ക്കു മുൻപ് ഒരുദിവസത്തെ ഇടവേള മാത്രമാണുള്ളത്. രസതന്ത്രത്തിന് രണ്ടുദിവസവും.
മാർച്ച് മൂന്നിനു തുടങ്ങി 25-നു പൂർത്തിയാകുന്നവിധത്തിലാണ് പ്ലസ്ടു പരീക്ഷ നടത്തുന്നത്. എന്നാല്‍, സയൻസ് വിഷയങ്ങളിലെ പരീക്ഷ തിടുക്കപ്പെട്ട് 19-നു തീർക്കുകയാണ്. മിടുക്കരായ കുട്ടികളെപ്പോലും ബുദ്ധിമുട്ടിക്കുംവിധമാണ് സമയക്രമം. എന്നാല്‍, സി.ബി.എസ്.ഇ. പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് ഈ പ്രശ്നമില്ല. പ്രധാന വിഷയങ്ങള്‍ക്കു മുൻപ് ഏറെ ദിവസങ്ങള്‍ കിട്ടുന്നുണ്ട്.മാർച്ച് മൂന്നിന് ഇംഗ്ലീഷോടെയാണ് പ്ലസ്ടു പരീക്ഷ തുടങ്ങുന്നത്. അഞ്ചിനു ഭൗതികശാസ്ത്രം. ഏഴിനു ബയോളജി പരീക്ഷ നടക്കും. 10-നു രസതന്ത്രം. 17-നാണ് കണക്കുപരീക്ഷ. 19-നു കംപ്യൂട്ടർ സയൻസും. കഴിഞ്ഞ അധ്യയനവർഷം മാർച്ച് ഒന്നിനു തുടങ്ങി 31-നു പൂർത്തിയാകുന്ന വിധത്തിലായിരുന്നു പരീക്ഷ. അന്ന് സയൻസ് വിഷയങ്ങളിലെ പരീക്ഷ ഒരു മാസംകൊണ്ടാണ് നടത്തിയത്. ഇത്തവണ രണ്ടാഴ്ച മാത്രമാണ് അനുവദിച്ചിരിക്കുന്നത്.ഹയർ സെക്കൻഡറിയിലെ ഇംപ്രൂവ്മെന്റ് പരീക്ഷ കഴിഞ്ഞ അധ്യയനവർഷംവരെ സെപ്റ്റംബറിലാണ് നടത്തിയിരുന്നത്. ഇത്തവണ മുതല്‍ മാർച്ചില്‍ വാർഷിക പരീക്ഷയ്ക്കൊപ്പമാണ് ഇംപ്രൂവ്മെന്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർച്ചയായ ദിവസങ്ങളില്‍ പരീക്ഷയെഴുതേണ്ടിവരുന്ന പ്ലസ്ടുക്കാർക്ക് ഇതും വലിയ ബുദ്ധിമുട്ടാണ്. പ്ലസ്വണ് ബയോളജി, ഭൗതികശാസ്ത്രം പരീക്ഷകള്‍ തമ്മില്‍ ഒരുദിവസത്തെ ഇടവേള മാത്രമാണുള്ളത്.സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷ ഫെബ്രുവരി 15-നു തുടങ്ങി ഏപ്രില്‍ നാലിനാണ് പൂർത്തിയാകുന്നത്. ഫെബ്രുവരി 21-നു ഭൗതികശാസ്ത്രം, 27-നു രസതന്ത്രം, മാർച്ച് എട്ടിനു കണക്ക്, മാർച്ച് 25-നു ബയോളജി. ഈ രീതിയിലാണ് സയൻസ് വിഷയങ്ങളിലെ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.