തിരുവനന്തപുരം : പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗ് ഉപഹാരമായി നൽകി സ്പീക്കർ. രാഹുൽ മാങ്കൂട്ടത്തിലിനും യുആർ പ്രദീപിനുമാണ് സത്യപ്രതിജ്ഞയ്ക്ക് ശേഷം നിയമസഭാ സെക്രട്ടറിയേറ്റ് നീല ട്രോളി ബാഗ് സമ്മാനമായി നൽകിയത്. നിയമസഭ ചട്ടങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും അടങ്ങുന്നതാണ് ഈ നീല ട്രോളി ബാഗ്.വിവാദം. ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം നേതാക്കളുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലും മറ്റ് പ്രവർത്തകരും താമസിച്ചിരുന്ന ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ല.
പിന്നീട് യാത്രയിൽ ഉപയോഗിച്ച നീല ട്രോളി ബാഗുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയതോടെ ട്രോളി ബാഗ് വലിയൊരു രാഷ്ട്രീയ വിവാദമായി മാറി. എന്നാൽ തെളിവില്ലാത്തതിനെ തുടർന്ന് ഈ കേസ് പോലീസ് അവസാനിപ്പിക്കുകയും ചെയ്തു.അതേസമയം, തിരഞ്ഞെടുപ്പിൽ വിജയിച്ചു കയറിയ രാഹൂൽ മാങ്കൂട്ടത്തിലിനും യുആർ പ്രദീപിനും നീല ട്രോളി ബാഗ് നൽകിയത് ഒരു ‘ട്രോൾ’ ആണെന്ന രീതിയിൽ ചർച്ചയാവുകയാണ്.എന്നാൽ മുൻപും എംഎൽഎമാർക്ക് ഇത്തരം ഉപഹാരങ്ങൾ നൽകാറുണ്ടെന്നാണ് നിയമസഭ സെക്രട്ടറിയേറ്റിന്റെ വിശദീകരണം. മുൻപേ വാങ്ങിവെച്ച ബാഗുകളാണ് ഇരുവർക്കും നൽകിയത്. വിവാദങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചു.