സ്പോർട്സ് ഡെസ്ക്ക് : ഫ്രഞ്ച് സൂപ്പര്‍താരം കീലിയന്‍ എംബാപ്പെ പിഎസ്‌ജിയില്‍ തുടരാനായി മൂന്ന് നിബന്ധനകള്‍ മുന്നോട്ടുവെച്ചതായി റിപ്പോര്‍ട്ട്.ബ്രസീല്‍ താരം നെയ്മറിനെ പി.എസ്.ജിയില്‍നിന്ന് ഒഴിവാക്കണമെന്നതാണ് എംബാപ്പെയുടെ പ്രധാന ആവശ്യം. കൂടാതെ പരിശീലകനായി ഫ്രഞ്ച് സൂപ്പര്‍താരം സിനദിന്‍ സിദാനെ കൊണ്ടുവരണമെന്നും എംബാപ്പെ ആവശ്യപ്പെടുന്നു. എംബാപ്പെ ക്ലബ് വിട്ടേക്കുമെന്നും വരാനിരിക്കുന്ന സീസണിന് മുന്നോടിയായി റയല്‍ മാഡ്രിഡില്‍ ചേരുമെന്നും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഒരു സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്ത പ്രകാരം എംബാപ്പെ ക്ലബില്‍ തുടരാനായി മൂന്ന് നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. നെയ്മറെ വില്‍ക്കണമെന്നാണ് ആദ്യത്തെ ആവശ്യം. രണ്ടാമതായി മാനേജര്‍ ക്രിസ്റ്റോഫ് ഗാല്‍റ്റിയറെ ഒഴിവാക്കണമെന്നാണ് എംബാപ്പെ ആവശ്യപ്പെടുന്നത്. ഇദ്ദേഹത്തിന് പകരം സിദാനെ കോച്ചായി നിയമിക്കണമെന്നാണ് എംബാപ്പെ ആവശ്യപ്പെടുന്നത്. മൂന്നാമതായി ഇംഗ്ലണ്ട് ടീം നായകന്‍ ഹാരി കെയ്നെ ക്ലബില്‍ എത്തിക്കണമെന്നതാണ് എംബാപ്പെയുടെ ആവശ്യം.