എല്ലാ രംഗങ്ങളിലും കേരളത്തെ പുരോഗതിയിലേക്ക് നയിക്കാൻ പര്യാപ്തമാണ് സംസ്ഥാന ബജറ്റെന്ന് എഫ്.എസ്.ഇ.ടി.ഒ. ജനവിരുദ്ധ സാമ്പത്തിക നയങ്ങളും ക്രൂരമായ അവഗണനയും കൊണ്ട് കേരളത്തിൻെറ ദൈനംദിന പ്രവർത്തനങ്ങൾ പോലും കേന്ദ്രസർക്കാർ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബജറ്റ്എല്ലാ വിഭാഗം ജനങ്ങൾക്കും പ്രതീക്ഷ നൽകുന്നതാണ്.ജനക്ഷേമവും സാമൂഹ്യ സുരക്ഷയും വികസനവും ഒരുപോലെ പ്രാവർത്തികമാക്കാനുള്ള നിർദ്ദേശങ്ങളാണ് ബജറ്റിലുള്ളത്.കേന്ദ്ര ബജറ്റിൽ സാധാരണക്കാർക്കും ദരിദ്ര ജനവിഭാഗങ്ങൾക്കും ആശ്വാസമായിരുന്ന നിരവധി ക്ഷേമ പദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറച്ചപ്പോൾ ഇവിടെ ക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള വിഹിതം വർദ്ധിപ്പിച്ചിരിക്കുകയാണ്. കേവല ദാരിദ്ര്യത്തിന്റെ നിർമ്മാർജ്ജനത്തിനും കാർഷിക വ്യാവസായിക മേഖലകളുടെ ശാക്തീകരണത്തിനും കെഎസ്ആർടിസി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ വളർച്ചയ്ക്കും ആവശ്യമായ വിഹിതം വർദ്ധിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും അതുവഴി മൂലധന ചെലവിന്റെ വർദ്ധനവിനും ആവശ്യമായ നിർദ്ദേശങ്ങളും ബജറ്റിൽ ഉൾപ്പെടുന്നു.ജനസാമാന്യത്തെ വിസ്മരിച്ചു കൊണ്ടും ചെറു ന്യൂനപക്ഷം വരുന്ന അതിസമ്പന്നരുടെ ലാഭാര്‍ത്തിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടും കേന്ദ്രസർക്കാർ നടപ്പാക്കുന്ന നവലിബറൽ നയങ്ങൾക്ക് ബദലായ നടപടികളാണ് സംസ്ഥാന സർക്കാർ ബജറ്റിലൂടെ മുന്നോട്ടുവയ്ക്കുന്നത്. വികസന ക്ഷേമ പദ്ധതികളുടെ നിർവഹണത്തിന് സിവിൽ സർവീസിന്റെ സംരക്ഷണവും ശാക്തീകരണവും അനിവാര്യമാണെന്ന കാഴ്ചപ്പാടും ബജറ്റ് മുന്നോട്ടുവയ്ക്കുന്നു.സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബജറ്റിന് അഭിവാദ്യമർപ്പിച്ച് എഫ് എസ് ഇ ടി ഒ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറ് കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി.വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളെ അഭിവാദ്യം ചെയ്ത് എഫ് എസ് ഇ ടി ഒ സംസ്ഥാന കമ്മിറ്റിയംഗം എൽ.മാഗി,കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ സുനിൽകുമാർ, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജോഷി പോൾ, പ്രസിഡന്റ് ഏലിയാസ് മാത്യു, കെ ജി ഒ എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡയന്യൂസ് തോമസ്, എ കെ ജി സി ടി സംസ്ഥാന സെക്രട്ടറി സന്തോഷ് ടി വർഗ്ഗീസ്,കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ,കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എ അൻവർ, പ്രസിഡന്റ് കെ എസ് ഷാനിൽ, കെ എം സി എസ് യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ഡി സാജൻ,പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ബോബി നാഥ്,കേരള എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ കെ വി വിജൂ, വൈ: പ്രസിഡന്റുമാരായ എൻ.ബി.മനോജ്, എ എൻ സിജിമോൾ, ജോ.സെക്രട്ടറിമാരായ പി പി സുനിൽ, ഡി പി ദിപിൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ:എറണാകുളം സിവിൽ സ്റ്റേഷനിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ സുനിൽകുമാർ സംസാരിക്കുന്നു.