കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടം വേണമെന്ന് ഹൈക്കോടതി. അഞ്ച് മെഡിക്കല്‍ കോളജുകളിലും ആറു മാസത്തിനകം രാത്രികാല പോസ്റ്റ്മോര്‍ട്ടം നടപ്പാക്കണം. ഉത്തരവിറങ്ങി ആറു വര്‍ഷമായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് കോടതി വിമര്‍ശനമുന്നയിച്ചു.സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സൗകര്യം ഒരുക്കാതിരിക്കരുത്. സര്‍ക്കാറിന്റെ സാമ്പത്തിക പരിമിതികള്‍ കണക്കിലെടുത്ത് ഫോറന്‍സിക് സര്ജന്മാര് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാത്രികാല പോസ്റ്റ് മോര്‍ട്ടം നടത്താന്‍ 2015 ഒക്ടോബര്‍ 26ന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സൂര്യാസ്തമയത്തിനു ശേഷം ആശുപത്രികളില്‍ പോസ്റ്റ്മോര്‍ട്ടം നടത്താനായി കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ മാസം 15ന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. മതിയായ അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും തെളിവ് മൂല്യത്തെ ബാധിക്കില്ലെന്ന് ആശുപത്രി ഇന്‍ചാര്‍ജ് ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യവും മനുഷ്യശേഷിയും സംസ്ഥാനത്തെ അഞ്ചു മെഡിക്കല്‍ കോളജുകളിലും അപര്യാപ്തമാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. രാത്രികാല പോസ്റ്റ്മോര്‍ട്ടം നടപ്പാക്കാനായി നടപടികള്‍ വേഗത്തിലാക്കുന്നുണ്ടെന്ന് ആരോഗ്യ, കുടുംബ ക്ഷേമ ജോയിന്റ് സെക്രട്ടറി വിജയകുമാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. അടിസ്ഥാന സൗകര്യമില്ലാത്തതിനാലാണു നടപ്പാക്കാത്തത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.