പത്തനംതിട്ട: നിലയ്ക്കല്‍ കുടിവെള്ള പദ്ധതി ഇക്കൊല്ലവും യാഥാര്‍ഥ്യമാവില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുറമെ ളാഹ, തുലാപ്പള്ളി, പ്ലാപ്പള്ളി സീതത്തോട് മേഖലയിലുള്ളവര്‍ക്കും പ്രയോജനമാകുന്ന പദ്ധതിക്കായി 130 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. 2019 നവംബറില്‍ പണി പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്.എന്നാല്‍ കാലാവധി കഴിഞ്ഞ് കൊല്ലം രണ്ട് കഴിഞ്ഞിട്ടും 22 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കേണ്ട പൈപ്പ് ലൈനുകള്‍ ആറ് കിലോ മീറ്റര്‍ പോലും എത്തിയിട്ടില്ല.
ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് നഷ്ടമാവുന്നത് കോടികണക്കിന് രൂപയാണ്. ശബരിമല മെയ്ന്റനസ് ഫണ്ടില്‍ നിന്നാണ് നിലവില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കാന്‍ പണം ചെലവാക്കുന്നത്. ഒരു കിലോ ലിറ്റര്‍ അഥവാ 1000 ലിറ്ററിന് 256 രൂപയിലധികമാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്നത്. 2018 മുതല്‍ 2020 വരെ പ്രതിവര്‍ഷം ശരാശരി 12 കോടി രൂപയോളം ഈ ഇനത്തില്‍ ചെലവായി. എന്നാല്‍ പദ്ധതി നടത്തിപ്പില്‍ വനം വകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചതും കൊവിഡ് പ്രതിസന്ധികളുണ്ടായതുമാണ് പണികള്‍ വൈകാന്‍ കാരണമെന്നാണ് വാട്ടര്‍ അതോരിറ്റിയുടെ വിശദീകരണം. നിലവില്‍ കുടിവെള്ളം എത്തിക്കാന്‍ സ്വകാര്യ ഏജന്‍സികളെയാണ് ആശ്രയിക്കുന്നത്.