കണ്ണീര്‍പ്പുഴയായി ചാലിയാര്‍; ഇതുവരെ കണ്ടെത്തിയത് 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളും; ഇന്നും തെരച്ചില്‍ തുടരും

നിലമ്പൂർ : കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി അഞ്ചാം നാളും തെരച്ചില്‍ തുടരുകയാണ്. നിരവധി മൃതദേങ്ങളും ശരിരഭാഗങ്ങളും കണ്ടെത്തിയ ചാലിയാർ പുഴയിലും ഇന്ന് രാവിലെ എട്ടു മണിയോടെ തെരച്ചില്‍ ആരംഭിച്ചു. ഇതുവരെ കണ്ടെത്തിയതില്‍ മൂന്നിലൊന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് ചാലിയാറില്‍ നിന്നാണ്. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളുമാണ് നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ എത്തിയത്. പൊലീസും, ഫയർഫോഴ്സും, വനംവകുപ്പും ആരോഗ്യ വകുപ്പുമുള്‍പ്പടെ സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി പോത്തുകല്ലില്‍ നിന്നടക്കം നിരവധി യുവാക്കളും രക്ഷാപ്രവർത്തനത്തില്‍ അണിനിരന്നിട്ടുണ്ട്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്.

Advertisements

ഇന്ന് ഇരുട്ടുകുത്തി പുഴയടക്കമുള്ള മേഖലയിലാണ് തെരച്ചില്‍ പ്രധാനമായും നടക്കുന്നത്. കുത്തൊഴുക്കിനെ വക വെയ്ക്കാതെയാണ് പ്രദേശവാസികളായ യുവാക്കള്‍ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നത്. ശക്തമായ അടിയൊഴുക്കുള്ള പുഴയില്‍ സ്വന്തം ജീവൻ പണയം വെച്ചാണ് ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന സംഘനകളുടെ നേതൃത്വത്തില്‍ യുവാക്കള്‍ മൃതദേഹങ്ങള്‍ തെരയുന്നത്, മുണ്ടക്കൈയേയും ചൂരല്‍മലയേയും പുഞ്ചിരി മട്ടത്തേയും അട്ടമലയേയും അടിയോടെ പിഴുതെറിഞ്ഞ് ഒരു പ്രദേശമൊന്നാകെ തുടച്ച്‌ നീക്കി ഉരുള്‍പൊട്ടല്‍ ഒഴുകിയെത്തിയത് ചാലിയാർ പുഴയിലേക്കാണ്. ചാലിയാർ പുഴയുടെ കൈവഴികളിലേക്കും സമീപത്തെ വനപ്രദേശങ്ങളിലേക്കും തെരച്ചിലൊനൊരുങ്ങുകയാണ് വിവിധ സേനാ വിഭാഗങ്ങളും നാട്ടുകാരും. പുഴയില്‍ അടിഞ്ഞ് കൂടികിടക്കുന്ന അവശിഷ്ടങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇനിയും 206 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍. നേരത്തെ പോത്തുകല്ല് കേന്ദ്രീകരിച്ചാണ് ശരീര ഭാഗങ്ങള്‍ ലഭിച്ചിരുന്നതെങ്കില്‍ പിന്നീടത് കീലോമീറ്ററുകള്‍ ദൂരെ നിലമ്ബൂർ, മമ്ബാട്, എടവണ്ണ എന്നിവടങ്ങളിലേക്കും നീണ്ടു. ചാലിയാർ പുഴ ഒഴുകിയ എല്ലാ ഭാഗങ്ങളിലും കൈവഴികളിലും ശരീരാവശിഷ്ടങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞ ദിവസം മാത്രം 16 മൃതദേഹങ്ങളാണ് ചാലിയാർ പുഴയില്‍ നിന്നും കണ്ടെത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.