സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് സനായിലെ ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ അപ്പീലില്‍ ഇന്ന് കോടതി വിധി പറയും. സ്ത്രീ എന്ന പരിഗണന നല്കി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ, വിട്ടയക്കുകയോ വേണമെന്നാണ് നിമിഷയുടെ ആവശ്യം. കേസില്‍ സനായിലെ അപ്പീല്‍ കോടതിയുടെ അന്തിമ വാദം കേള്‍ക്കല്‍ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. പാലക്കോട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ പ്രിയ.
2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവായ യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദിയെ നിമിഷ പ്രിയ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. കൊലപാതകത്തിനു കൂട്ടുനിന്നതായി ആരോപിക്കപ്പെടുന്ന നഴ്സ് ഹനാന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഹനാനും ജയിലിലാണ്. ജീവന് രക്ഷിക്കണമെന്ന അഭ്യര്‍ഥനയുമായി നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിര്‍ബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ പറഞ്ഞിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യെമനില്‍ തലാല്‍ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്സ് ആയ നിമിഷപ്രിയ. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്പോര്‍ട്ട് പിടിച്ചുവച്ചു നാട്ടില്‍ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ല്‍ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരം തലാല്‍ വിവാഹം കഴിക്കുകയായിരുന്നെന്നും നിമിഷപ്രിയ വെളിപ്പെടുത്തിയിരുന്നു.