കുട്ടികള്‍ക്ക് അവരുടെ ഉള്ളില്‍ പലവിധ മോഹങ്ങളും കാണും. വലുതാകുമ്പോള്‍ ഡോക്ടറാകണം, എഞ്ചിനീയറാകണം, ചിത്രകാരനാകണം, സിനിമാനടനോ നടിയോ ആകണം, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാകണം എന്നിങ്ങനെ പോകുമത്. അതുപോലെ, വാരണാസിയില്‍ നിന്നുള്ള ഒരു ഒമ്പത് വയസുകാരന്റെ ആഗ്രഹം ഭാവിയില്‍ ഒരു ഐപിഎസ്സുകാരനാകണം എന്നായിരുന്നു. എന്നാല്‍, ബ്രെയിൻ ട്യൂമർ ബാധിച്ച് ഉത്തർപ്രദേശിലെ മഹാമന കാൻസർ ആശുപത്രിയില്‍ ചികിത്സയിലാണ് രണ്‍വീർ ഭാരതി എന്ന കുട്ടി. ഒരു ഐപിഎസ്സ് ഓഫീസറാവണം എന്നതായിരുന്നു അവന്റെ സ്വപ്നം. ഇത് മനസിലാക്കിയ ഉദ്യോഗസ്ഥർ ഒരുദിവസത്തേക്ക് അവനെ ഐപിഎസ് ഉദ്യോഗസ്ഥനാക്കിയിരിക്കുകയാണ്.
എഡിജി സോണ്‍ വാരണാസി എക്സില്‍ (മുമ്ബ് ട്വിറ്റർ) ഇതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാർട്ട്‌മെൻ്റ് മുൻകൈയെടുത്താണ് രണ്‍വീറിനെ ഒരു ദിവസത്തേക്ക് ഐപിഎസ് ഓഫീസറാക്കിയത്. വാരണാസിയിലെ മഹാമന കാൻസർ ഹോസ്പിറ്റലില്‍ ബ്രെയിൻ ട്യൂമറിന് ചികിത്സയിലാണ് 9 വയസുകാരനായ രണ്‍വീർ ഭാരതി. അത്തരമൊരു സാഹചര്യത്തില്‍, ഒരു ഐപിഎസ് ഓഫീസറാകാനുള്ള തന്റെ ആഗ്രഹം അവൻ പ്രകടിപ്പിച്ചു. വാരണാസി എഡിജി ഓഫീസില്‍ വച്ചാണ് കുട്ടിയുടെ ആഗ്രഹം നിറവേറ്റിയത്’ എന്ന് ട്വീറ്റില്‍ പറഞ്ഞിരിക്കുന്നു. ചിത്രങ്ങളില്‍ രണ്‍വീർ യൂണിഫോം ധരിച്ച് ഒരു ക്യാബിനില്‍ ഇരിക്കുന്നത് കാണാം. അവന് ചുറ്റും പൊലീസിലെ ഉന്നതരായ മറ്റ് ഉദ്യോഗസ്ഥരും നില്‍ക്കുന്നത് കാണാം. ഓഫീസർമാരില്‍ ചിലർ അവനൊപ്പം ചിത്രങ്ങള്‍ പകർത്തുന്നതും ചിലർ കൈപിടിച്ച് കുലുക്കുന്നതും മറ്റ് ചിലർ അവനെ സല്യൂട്ട് ചെയ്യുന്നതും കാണാം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇങ്ങനെ ഒരു കാര്യം ചെയ്യാൻ തയ്യാറായ ഉദ്യോഗസ്ഥരെ മിക്കവരും അഭിനന്ദിച്ചു.