കോഴിക്കോട്: ചോറോട് വാഹനപകടക്കേസിലെ പ്രതി ഷജീലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമവുമായി പൊലീസ്. ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പള്‍ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസില്‍ എന്തിന് മുൻകൂർ ജാമ്യമെന്ന നിലപാടാണ് ജില്ലാ കോടതി സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ പൊലീസിന് മുന്നില്‍ ഹാജരാവുകയാണ് പ്രതിക്ക് മുന്നിലുള്ള വഴി. അല്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കണം.
ഷജീലിനായി അന്വേഷണ സംഘം ഇതിനോടകം ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി ഒൻപതോടെയാണ് ചോറോട് മേല്‍പ്പാലത്തിന് സമീപം അപകടമുണ്ടായത്. അപകടത്തില്‍ 62 വയസുകാരിയായ പുത്തലത്ത് ബേബി മരിക്കുകയും കൊച്ചുമകള്‍ ദൃഷാന കോമാവസ്ഥയിലാവുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹനം ഇടിച്ചു എന്നറിഞ്ഞിട്ടും ഷജീല്‍ കാർ നിർത്താതെ പോവുകയായിരുന്നു. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയില്‍ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തുകൊണ്ട് പൊലീസ് കോടതിയില്‍ ഉന്നയിച്ചത്. വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.