നിപയിൽ അകാലത്തിൽ പൊലിഞ്ഞ പ്രതിഭയായ കോട്ടയം പ്രദീപും ; പ്രദീപ് വിട പറഞ്ഞത് ശകുനിയമ്മാവനായി മിന്നും പ്രകടനം നടത്തിയ ശേഷം

കോട്ടയം : ഹാസ്യ ചക്രവർത്തി എസ്‌ പി പിള്ള, ആലുമ്മൂടൻ, കടുവാക്കുളം ആന്റണി… ഈ ത്രിമൂർത്തികൾക്ക്‌ ശേഷം അഭ്രപാളിയിൽ കോട്ടയത്തിന്റെ കൈയൊപ്പ്‌ –- അകാലത്തിൽ അന്തരിച്ച കോട്ടയം പ്രദീപിനെ അങ്ങനെ വിശേഷിപ്പിക്കാം. പ്രദീപിന്റെ തനതും സവിശേഷവുമായ അഭിനയശൈലി പുതുതലമുറയ്‌ക്ക്‌ നന്നേ ഇഷ്ടപ്പെട്ടു. താളത്തിലുള്ള ആ സംഭാഷണചാതുരി കുട്ടികളുടെ ഹൃദയത്തിൽ ഇടംപിടിച്ചു. അത്‌ നിർമാതാക്കളും സംവിധായകരും തിരിച്ചറിഞ്ഞത്‌ പ്രദീപിന്റെ ഭാഗ്യം. ചുരുങ്ങിയ കാലംകൊണ്ട്‌ ചെറുവേഷങ്ങളിലൂടെ 200ഓളം ചിത്രങ്ങളിൽ തിളങ്ങിയ ഈ കലാകാരൻ മുഖ്യധാരാ സിനിമയിൽ ഇരിപ്പിടം ഉറപ്പിച്ചത്‌ വളരെ പെട്ടെന്നാണ്‌. മൺമറഞ്ഞ ശുദ്ധനും സ്‌നേഹധനനുമായ ആ കലാകാരന്‌ തുല്യനായി അദ്ദേഹം മാത്രം –- സുഹൃത്തുക്കൾ പറഞ്ഞു.

Advertisements

‘നിപ’ അവസാന ചിത്രങ്ങളിൽ ശ്രദ്ധേയം…
ഏറ്റവും ഒടുവിൽ പ്രദീപ്‌ അഭിനയിച്ച്‌ പൂർത്തിയാക്കിയ ചിത്രങ്ങളിൽ ശ്രദ്ധേയം എന്ന്‌ പറയാവുന്നത്‌ പത്രപ്രവർത്തകൻ ബെന്നി ആശംസ സംവിധാനം നിർവ്വഹിച്ച ‘നിപ’ ആണ്‌. ഈ സിനിമയുമായി ബന്ധപ്പെട്ട്‌ ഒരു ഫോട്ടോ ഷൂട്ടിന്‌ ഫെബ്രു. 17ന്‌ പകൽ കോട്ടയത്ത്‌ എത്താനിരിക്കെ തലേന്നാണ്‌ പ്രദീപിന്റെ വിടവാങ്ങൽ. പ്രദീപുമായുള്ള സൗഹൃദം സംവിധായകൻ ബെന്നി ഇങ്ങനെ ഓർത്തെടുത്തു… മഹാമാരിക്കാലത്ത് അടച്ചുപൂട്ടിയ, പഴയകാല സിനിമാക്കാരുടെ താവളം ബെസ്‌റ്റോട്ടലിലായിരുന്നു അഭിനേതാക്കളായ കോട്ടയം പത്മനും പ്രദീപും ഞാനും സംഗമിച്ചിരുന്നത്‌. പത്രപ്രവർത്തകനായ സുരേഷ് അണ് പ്രദീപിനെ പരിചയപ്പെടുത്തിതന്നത്. ബെന്നിച്ചന്റെ സിനിമയിൽ എനിക്കൊരു ‘വില്ലൻ വേഷം’ തരണമെന്ന് പ്രദീപ്‌ പലവുരു പറഞ്ഞിട്ടുണ്ട്‌.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചില സുഹൃത്തുക്കളുടെ മറ്റ്‌ സിനിമകളിലെ വേഷങ്ങൾക്ക് ഞാൻ ശുപാർശ ചെയ്തിട്ടുമുണ്ട്. അത്തരം വർക്കുകൾക്കൊന്നും കണക്ക് പറഞ്ഞ്‌ പ്രതിഫലം വാങ്ങാതെ കൊടുക്കുന്നതും വാങ്ങി പോരുന്നയാളാണ്‌ പ്രദീപ്‌. എൽഐസിയിൽ ജോലി ചെയ്യുന്ന എന്റെ അനുജൻ ബിനോയിയെ കാണാൻ പോകുമ്പോൾ പ്രദീപിനെയും കാണുമായിരുന്നു. വില്ലൻ വേഷത്തിന്റെ കാര്യം അപ്പോഴെല്ലാം ഓർമ്മിപ്പിക്കും. അങ്ങനെയാണ്‌ ‘നിപ’യിലെ ചതിയനായ അമ്മാവന്റെ വ്യത്യസ്‌ത വേഷം പ്രദീപിന്‌ നൽകിയത്‌. ഇത്‌വരെ എല്ലാവരെയും ചിരിപ്പിച്ച പ്രദീപിന്റെ ‘നിപ’യിലെ ക്രൗര്യഭാവം അദ്ദേഹം ഗംഭീരമാക്കി. കോട്ടയം പത്മനൊപ്പം ഒരു ഫോട്ടോ ഷൂട്ടിനായി എറണാകുളത്ത്‌ നിന്ന്‌ വ്യാഴാഴ്ച ഉച്ചയ്‌ക്ക്‌ മുമ്പ്‌ എത്താമെന്നാണ്‌ പ്രദീപ്‌ പറഞ്ഞത്.

പക്ഷേ… ‘നിപ’ ടീമിന്‌ താങ്ങാനാവുന്നതല്ല പ്രദീപിന്റെ മരണം –- ബെന്നി പറഞ്ഞ്‌നിർത്തി. ‘നിപ’ മാർച്ചിൽ റിലീസിന്‌ ഒരുങ്ങുകയാണ്‌. കോട്ടയത്തെ ഹിമുക്രി (ഹിന്ദു –- മുസ്ലിം –- ക്രിസ്‌ത്യൻ) ക്രിയേഷൻസാണ്‌ നിർമാണം. സലിംകുമാർ, ബാബു ആന്റണി, ദേവൻ, ജോണി ആന്റണി, അനൂപ്‌ ചന്ദ്രൻ, ശാന്തകുമാരി തുടങ്ങിയവർക്കൊപ്പം സംവിധായകൻ ലാൽ ജോസ്‌ ചിത്രത്തിൽ പത്രപ്രവർത്തകനായി വേഷമിടുന്നു. പുതുമുഖം ബിന്ദ്യയാണ്‌ നായിക. നേപ്പാൾ, ദുബായ്‌, ഗോവ, ഡെൽഹി എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷൻ. ഒരു ഹിന്ദി പാട്ടും സിനിമയുടെ ഹൈലൈറ്റാവും.

Hot Topics

Related Articles